അറസ്റ്റ് തടയാന്‍ ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവ്; പ്രതിക്കും അഭിഭാഷകനുമെതിരെ പരാതി; അറസ്റ്റ്




തിരുവനന്തപുരം: അറസ്റ്റ് തടയുന്നതിനായി ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ചതായി പരാതി. ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും അഭിഭാഷകനുമാണ് വ്യാജരേഖ ചമച്ചത്. സംഭവത്തില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് പരാതി നല്‍കി. 

തട്ടിപ്പ് ബോധ്യമായതോടെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയായ പ്രശാന്ത് കുമാറിനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി വെബ്‌സൈറ്റിലെ സ്ഥിതിവിവരത്തിലാണ് കൃത്രിമം നടത്തിയത്. 

അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് ഉള്ളതായാണ് വ്യാജരേഖ ഉണ്ടാക്കിയത്. കേസ് സ്റ്റാറ്റസിന്റെ പിഡിഎഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്തശേഷം എഡിറ്റ് ചെയ്ത് കൃത്രിമരേഖയുണ്ടാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. 

പ്രതി നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഈ മാസം 22 ന് പരിഗണിക്കാനായി കോടതി മാറ്റി വെച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഒരു നടപടിയും കോടതി സ്വീകരിച്ചിരുന്നില്ല. 

എന്നാല്‍ കേസില്‍ തുടര്‍നടപടി ഉണ്ടാകുന്നതുവരെ പൊലീസിന്റെ ഭാഗത്തു നിന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള ഒരു നീക്കവും പാടില്ലെന്ന് കൃത്രിമമായി രേഖയുണ്ടാക്കുകയാണ് ചെയ്തത്. ഇത് പൊലീസ് സ്റ്റേഷനില്‍ നല്‍കുകയും ചെയ്തു. 

ഈ ഉത്തരവില്‍ സംശയം തോന്നിയ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഹൈക്കോടതിയില്‍ പൊലീസിന്റെ ലെയ്‌സന്‍ ഓഫീസറെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും വിളിച്ച് ചോദിച്ചു. അപ്പോഴാണ് ഇത്തരമൊരു ഉത്തരവ് കോടതി ഇറക്കിയിട്ടില്ലെന്ന് വ്യക്തമായത്. 

ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതി പ്രശാന്ത് കുമാര്‍, ഇയാളുടെ അഭിഭാഷകൻ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ഹൈക്കോടതിക്ക് കത്തു നല്‍കിയത്.

Previous Post Next Post