യുവതിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് മൂന്ന് ഭീമന്‍ ഈച്ചകളെ.





ന്യൂഡൽഹി : ഇന്ത്യയിൽ ചിലിത്സക്കായെത്തിയ അമേരിക്കൻ യുവതിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് മൂന്ന് ഭീമന്‍ ഈച്ചകളെ. ന്യൂഡൽഹിയിലെ  വസന്ത്കുഞ്ചിലുള്ള ഫോര്‍ട്ടിസ് ഹോസ്പിറ്റലിലാണ് സംഭവം.

അനസ്‌തേഷ്യ നല്‍കാതെയാണ് ശസ്ത്രക്രിയയിലൂടെ ഭീമന്‍ ഈച്ചകളെ പുറത്തെടുത്തത്.രണ്ട് സെന്റിമീറ്റര്‍ വലിപ്പമുള്ള മൂന്ന് ജീവനുള്ള ഈച്ചകളെയാണ് യുവതിയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തത്. ബോട്ട്ഫ്‌ലൈസ് എന്ന ഇനത്തിലുള്ള ഇത്തരം ഈച്ചകളെ നീക്കിയില്ലെങ്കില്‍ കോശങ്ങള്‍ക്ക് വലിയ ആഘാതമുണ്ടാക്കുകയും മനുഷ്യ ശരീരത്തിലെ സെല്ലുകള്‍ നശിപ്പിക്കുകയും ചെയ്യും. ഇത് ജീവന് തന്നെ ഭീഷണിയാകും. ഇത്തരത്തിലുള്ള ഈച്ചകള്‍ മനുഷ്യ ശരീരത്തില്‍ തുളച്ചു കയറുകയോ മൂക്കിലൂടെയോ കണ്ണിലൂടെയോ കയറുകയാണ് പതിവ്. കൃത്യമായ സമയത്ത് ചികിത്സ നല്‍കാനായതിനാലാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
അമേരിക്കന്‍ ഡോക്ടര്‍മാര്‍ 32കാരിയായ യുവതിയുടെ കണ്ണില്‍ അപൂര്‍വ്വമായ അണുബാധ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ അണുബാധ ചികിത്സിക്കാനാകില്ലെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിതെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. യുവതി ആശുപത്രിയിലെത്തിയത് അസഹ്യമായ കണ്ണുവേദനയുമായാണ്.

യുവതിയുടെ കണ്ണില്‍ എന്തോ ചലിക്കുന്ന പോലെ അനുഭവപ്പെടാന്‍ തുടങ്ങുകയും രക്തം വരികയും ചെയ്തു. ഇതിനു പിന്നാലെ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അമേരിക്കയിലെ ഡോക്ടര്‍മാര്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്തതായും മറ്റ് ചികിത്സകള്‍ നിഷേധിച്ചതായും യുവതി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുവതി തന്റെ കണ്ണില്‍ വേദന അനുഭവപ്പെടുന്നതിന് മൂന്ന് നാല് ആഴ്ചകള്‍ക്കുമുമ്പ് ആമസോണ്‍ കാടുകളില്‍ യാത്ര ചെയ്തിരുന്നു. ഇവിടെ നിന്നുമാകാം കണ്ണില്‍ ഈച്ച കയറിയതെന്നാണ് നിഗമനം.


Previous Post Next Post