തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്. അണികളും ചതിച്ചെന്ന് ആരോപണം



ചെന്നൈ: തമിഴ്നാട്  തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്തിലേക്ക് മത്സരിച്ച നരേന്ദ്രനാണ് ഒരുവോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. പിന്നാലെ സ്വന്തം വീട്ടുകാരും പാർട്ടി പ്രവർത്തകരും ചതിച്ചെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി.

ഭവാനിസാഗർ പഞ്ചായത്തിലെ 11ാം വാർഡിലാണ് നരേന്ദ്രൻ മത്സരിച്ചത്. ഫലം പുറത്തുവന്നപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. ഒപ്പമുണ്ടായിരുന്ന വീട്ടുകാരോ സുഹൃത്തുക്കളോ പാർട്ടി പ്രവർത്തകരോ പോലും തനിക്ക് വോട്ട് ചെയ്തില്ലെന്ന് അപ്പോഴാണ് അദ്ദേഹത്തിന് ബോധ്യമായത്. ഇവിടെ ആകെ പോൾ ചെയ്ത 162 വോട്ടിൽ 84 വോട്ടും നേടി ഡിഎംകെ സ്ഥാനാര്‍ഥിയാണ് ജയിച്ചത്.

പൊള്ളയായ വാഗ്ദാനം നൽകി വീട്ടുകാരും സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും തന്നെ വഞ്ചിച്ചെന്ന് ഫലം വന്നശേഷം സ്ഥാനാർഥി നരേന്ദ്രൻ പ്രതികരിച്ചത്. തമിഴ്നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി വൻമുന്നേറ്റമാണ് നടത്തിയത്.
Previous Post Next Post