നിലപാട് മാറ്റി ശശി തരൂര്‍ വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലായേക്കാം


തിരുവനന്തപുരം :കെ-റെയില്‍  പദ്ധതിയില്‍ ഇതുവരെ കൈക്കൊണ്ടിരുന്ന നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.
വന്ദേഭാരത് ട്രെയിനുകള്‍  കെ-റെയിലിന് ബദലാകുമോ എന്നതില്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു തരൂര്‍ ഈ ആവശ്യം ഉന്നയിച്ചത്.

മൂന്നുവര്‍ഷത്തിനകം 400 വന്ദേ ഭാരത് എക്സ്പ്രസ്  ട്രെയിനുകള്‍ ഓടിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍  ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തരൂര്‍ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ച്‌ കൊണ്ട് രംഗത്തെത്തിയത്.

നേരത്തെ കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചതിന് തരൂരിനെതിരെ നടപടി എടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. തരൂരിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ-റെയില്‍ പദ്ധതിയില്‍ പുനഃപരിശോധന വേണമെന്ന നിലപാടിലേക്ക് തരൂര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

Previous Post Next Post