അടുത്ത വകഭേദം ഒമൈക്രോണിനേക്കാള്‍ കൂടുതല്‍ മാരകമാകാം, രോഗപ്രതിരോധശേഷിയെ മറികടക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന




 
ജനീവ : ഒമൈക്രോണ്‍ വ്യാപനം കുറഞ്ഞ് ലോകം സാധാരണനിലയിലേക്ക് മടങ്ങുന്നതിനിടെ, അടുത്ത കോവിഡ് വകഭേദം കൂടുതല്‍ മാരകമാകാന്‍ സാധ്യതയെന്ന് ലോകാരോഗ്യസംഘടന. ഒമൈക്രോണിനേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയും മാരകമാകാനുമുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതികവിഭാഗം തലവന്‍ ഡോ. മരിയ വാന്‍ കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ ഉണ്ടാവാന്‍ പോകുന്ന കോവിഡ് വകഭേദം ഒമൈക്രോണിനേക്കാള്‍ മാരകമാകാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ പടരുന്ന വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപനശേഷി നേടിയെന്ന് വരാം. ഭാവിയില്‍ വരുന്ന വകഭേദങ്ങള്‍ മാരകമാകുമോ എന്ന ചോദ്യങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. 
അടുത്ത വകഭേദം നിലവില്‍ ആര്‍ജിച്ച രോഗപ്രതിരോധശേഷിയെ മറികടന്നു എന്നുവരാം. വാക്‌സിനുകള്‍ അത്ര ഫലപ്രദമായെന്ന് വരില്ല. എന്നാല്‍ രോഗം ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും തടയാന്‍ വാക്‌സിനുകള്‍ക്ക് സാധിച്ചേക്കാം. അതിനാല്‍ വാക്‌സിനുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയ്ക്ക് മരിയ വാന്‍ കെര്‍ഖോവ് ഊന്നല്‍ നല്‍കി.

ഭാവിയില്‍ ഉണ്ടാവാന്‍ പോകുന്ന വകഭേദങ്ങള്‍ മാരകമാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ മറക്കരുതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.


Previous Post Next Post