സാബു ജേക്കബ് നാടകം കളിക്കുന്നു; ദീപുവിന്റെ മരണത്തില്‍ പങ്കില്ലെന്ന് സിപിഎം; പ്രതികള്‍ക്ക് നിയമസഹായം നല്‍കും



 

കൊച്ചി: കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തില്‍ ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം. ട്വന്റി ട്വന്റി വാര്‍ഡ് അംഗത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്ന് ലോക്കല്‍ സെക്രട്ടറി വി ജെ വര്‍ഗീസ് പറഞ്ഞു. ദീപുവിന്റെ ബന്ധുക്കളോ അയല്‍വാസികളോ പരാതി നല്‍കിയിട്ടില്ല. പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കും. 12-ാം തീയതി വിളക്കണയ്ക്കല്‍ സമരത്തിന് ട്വന്‍രി ട്വന്റി ആഹ്വാനം നല്‍കിയിരുന്നു. എന്നാല്‍ ആ പ്രദേശത്ത് ബഹുഭൂരിപക്ഷം പേരും വിളക്കണച്ചില്ലെന്ന് വി ജെ വര്‍ഗീസ് പറഞ്ഞു. ദീപുവിന്റെ മരണത്തില്‍ ദുഃഖമുണ്ട്. വേദനയുണ്ടെന്നും വി ജെ വര്‍ഗീസ് പറഞ്ഞു. 

വെങ്ങോല പഞ്ചായത്തില്‍ താമസിക്കുന്ന പഞ്ചായത്ത് മെമ്പര്‍ എന്തിന് ഏഴേകാല്‍ മണിയ്ക്ക് ഇവിടെ വന്നു, എന്തിന് സിപിഎമ്മിന്റെ നാലു പ്രവര്‍ത്തകരുടെ പേര് പൊലീസിന് റിപ്പോര്‍ട്ട് ചെയ്തു എന്നതിനെക്കുറിച്ച് അന്വേഷിക്കണം. തൊട്ടടുത്ത വീട്ടില്‍ കയറി ദീപു വിളക്കണയ്ക്കാന്‍ ശ്രമിച്ചു. പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലായിരുന്നു അത്. ഇത് സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു എന്നത് ശരിയാണെന്ന് വര്‍ഗീസ് പറഞ്ഞു. 

എന്നാല്‍ ദിപുവിന്റെ അയല്‍വാസിയായ സജിയോടാണ് സിപിഎം പ്രവര്‍ത്തകര്‍ ചോദിച്ചത്. ദിപുവിന്റെ വീട്ടിലെ വിളക്ക് ദീപു അണച്ചോട്ടെ, നിന്റെ വീട്ടിലെ വിളക്ക് നിനക്ക് വേണമെങ്കില്‍ അണച്ചാല്‍പ്പോരേ എന്നാണ് സജിയോട് ചോദിച്ചത്. ഉടന്‍ തന്നെ സജി ലൈറ്റ് ഇട്ട് ടിവിയും ഓണ്‍ചെയ്തുവെന്ന് വി ജെ വര്‍ഗീസ് പറഞ്ഞു. 

ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെങ്കില്‍ എന്തുകൊണ്ട് അന്ന് ആശുപത്രിയില്‍ കൊണ്ടുപോയില്ലായെന്ന് അദ്ദേഹം ചോദിച്ചു. പിറ്റേദിവസവും ആശുപത്രിയില്‍ പോയില്ല.  പിറ്റേന്നാണ് ദീപുവിനെ ആശുപത്രിയിലാക്കുന്നത്. വിളക്കണയ്ക്കല്‍ സമരത്തിന്റെ പിറ്റേദിവസം ദീപുവിന്റെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ സംസ്ഥാന സമ്മേളനത്തിന്റെ ഹുണ്ടിക കളക്ഷനായി ചെന്നിരുന്നു. 

അന്ന് ദീപുവുമായി സൗഹൃദം പങ്കിട്ടിരുന്നു. ഹുണ്ടിക കളക്ഷന് 10 രൂപ നല്‍കാന്‍ ദീപു അമ്മയോട് പറയുകയും ചെയ്തു. അതനുസരിച്ച് ദീപുവിന്റെ അമ്മ 10 രൂപ ഹുണ്ടിക പിരിവിന് സംഭാവന നല്‍കുകയും ചെയ്തിരുന്നു. ദീപുവിനോട് ഒരിക്കലും പാര്‍ട്ടിക്ക് വിദ്വേഷമുണ്ടായിരുന്നില്ലെന്ന് വി ജെ വര്‍ഗീസ് പറഞ്ഞു. 

ദീപുവിന്റെ മരണത്തില്‍ സാബു ജേക്കബ് നാടകം കളിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി ബി ദേവദര്‍ശന്‍ പറഞ്ഞു. ദീപുവിന്റെ മരണത്തില്‍ ശരിയായ അന്വേഷണം വേണം. ദീപുവിന്റെ മരണം സാബു ജേക്കബ് താല്‍ക്കാലിക ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും ദേവദര്‍ശന്‍ ആരോപിച്ചു. 
 
Previous Post Next Post