മലയാളിക്ക് നാണക്കേട് ! അന്യ സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചയാളെ പോലീസ് പിടികൂടി


പത്തനംതിട്ട :കുറ്റപ്പുഴ നെടുങ്ങാടപ്പള്ളിയിലെ ഒരു വീടുപുരയിടത്തിൽ പണിയിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ 2000 രൂപയും 1950 രൂപ വിലവരുന്ന മൊബൈൽ ഫോണും വസ്ത്രവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാളെ പിറ്റേന്ന് തന്നെ പോലീസ് പിടികൂടി. കീഴ് വായിപ്പൂർ നെടുങ്ങാടപ്പള്ളിയിൽ പൊന്നമ്മ ജോണിന്റെ വീട്ടിൽ പുരയിടത്തിൽ പണി ചെയ്തുകൊണ്ടിരുന്ന മൻസാദ് എന്നയാളുടെ ബാഗ് മോഷ്ടിച്ചു മോട്ടോർ സൈക്കിളിൽ കടന്നുകളഞ്ഞ തൊട്ടക്കാട് പരിയാരം ഇരവിച്ചിറ പുതുപ്പറമ്പിൽ മനോഷ് കുമാർ (34) ആണ് കീഴ്‌വായ്‌പ്പൂർ പോലീസിന്റെ പിടിയിലായത്.
ഈ വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തിവരുന്ന  ജോൺസൺ പി കുര്യൻ എന്നയാളാണ് മൻസാദിനെ പണിക്കു കൊണ്ടുവന്നത്. പതിനൊന്നാം തിയതി ഉച്ചയ്ക്ക് ഒരു മണിക്ക് ഭക്ഷണം കഴിക്കുന്നതിന് അല്പം ദൂരത്തുള്ള വീട്ടിൽ വെള്ളമെടുക്കാൻ മൻസാദ് പോയ തക്കത്തിനാണ് ഈ സ്ഥലത്ത് രാവിലെ മുതൽ മോട്ടോർ സൈക്കിളിൽ ചുറ്റിത്തിരിഞ്ഞ മോഷ്ടാവ് പണവും വസ്ത്രവുമടങ്ങിയ ബാഗ് മോഷ്ടിച്ചത്. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളിൽ ഇത് വ്യക്തമായിരുന്നു. ഇത് പരിശോധിച്ച പോലീസിന് ഇക്കാര്യം ബോധ്യപ്പെട്ടു.
വണ്ടി നമ്പർ മൻസാദ് ശ്രദ്ധിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. പെയിന്റിംഗ് തൊഴിലാളിയായ പ്രതി സി സി ടി വി ദൃശ്യങ്ങൾ കാണിച്ച് പോലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.  ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കീഴ്‌വായ്‌പ്പൂർ എസ് ഐ ബി എസ് ആദർശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തിൽ എ എസ് ഐ അജു കെ അലി, സി പി ഓ മാരായ ബൈജു, മുഹമ്മദ്‌ ഷഫീക് എന്നിവരുമുണ്ടായിരുന്നു.
Previous Post Next Post