രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് ലോട്ടറി , നാട്ടിലേക്ക് പണമൊഴുക്ക് കൂടി. യു .എ.ഇയിലെ ധനവിനിമയ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച ഒരു ദിർഹത്തിന് 20.96 രൂപ വരെ ലഭിച്ചു.



ഷാർജ: യുക്രൈൻ യുദ്ധവും എണ്ണവിലയുടെ കുതിപ്പും കാരണം ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. യു.എ.ഇയിലെ ധനവിനിമയ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച ഒരു ദിർഹത്തിന് 20.96 രൂപ വരെ ലഭിച്ചു.
ദിർഹത്തിന്റെ വിനിമയ നിരക്ക് കൂടിയതോടെ നാട്ടിലേക്ക് പണമയക്കുന്നതും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. 48 ദിർഹത്തിന് ആയിരം രൂപവരെ പ്രവാസികൾക്ക് ലഭിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഒരു ദിർഹത്തിന് 20.80 രൂപയായി കുറയുകയും ചെയ്തു. ചരിത്രത്തിലെ റെക്കോഡ് വിലയിടിവാണ് രൂപയ്ക്ക് സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.
വരും ദിവസങ്ങളിലും രൂപയ്ക്ക് വിലയിടിവ് തുടരുമെന്നാണ് വിലയിരുത്തൽ. മണിക്കൂറുകൾക്കിടയിലാണ് രൂപയുടെ മൂല്യമിടിയുന്നതെന്ന് ധനവിനിമയ സ്ഥാപനങ്ങളും പറയുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നാട്ടിലേക്ക് പണമയക്കുന്നവരുടെ തിരക്ക് പ്രകടമാണ്.
യു.എ.ഇ. യിൽ ദിവസങ്ങളായി ഓൺലൈൻ വിനിമയവും വർധിച്ചിട്ടുണ്ട്. പ്രവാസികൾക്ക് ശമ്പളം ലഭിക്കുന്ന ദിവസങ്ങളായതിനാലും നാട്ടിലേക്ക് മികച്ച നിരക്കിൽ പണമയക്കാൻ സാധിച്ചു. എന്നാൽ ഈ സാഹചര്യം കണക്കിലെടുത്ത് ക്രഡിറ്റ് കാർഡുവഴി പണം പിൻവലിച്ചോ പലിശയ്ക്ക് പണം വാങ്ങിയോ നാട്ടിലേക്കയക്കരുതെന്ന് സാമ്പത്തിക രംഗത്തുള്ളവർ ഓർമ്മിപ്പിക്കുന്നു. അങ്ങിനെയെങ്കിൽ കട ബാധ്യതയാണ് സംഭവിക്കുക. ഇത്തരത്തിൽ പണമയച്ചവർ സാമ്പത്തിക കുരുക്കിൽ പെട്ട സംഭവങ്ങൾ നിരവധിയാണ്.
സൗദി റിയാലും 20 രൂപക്ക് മുകളിലെത്തിയിട്ടുണ്ട്. ഒമാനി റിയാൽ 200-ന് അടുത്തും കുവൈത്തി ദിനാർ 252-ന് മുകളിലുമാണ് നിലവിലെ വിനിമയ നിരക്ക്. ബഹ്റൈൻ ദിനാർ 204 രൂപയ്ക്കടുത്തുണ്ട്. 21 രൂപക്ക് മുകളിൽ ഒരു ഖത്തർ റിയാലിനും ലഭിക്കും.
Previous Post Next Post