രാഹുല്‍ ഗാന്ധിക്ക് എന്ത് അധികാരം? ചോദ്യമുയര്‍ത്തി ജി23, വൈകിട്ട് വിശാലയോഗം, കേരള നേതാക്കളും പങ്കെടുത്തേക്കും





ന്യൂഡൽഹി : അ‍ഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ വിമര്‍ശന ശബ്ദം കടുപ്പിച്ച് കോണ്‍ഗ്രസിലെ ഗ്രൂപ്പ് 23 വിമത നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ നിലപാട് വീണ്ടും കടുപ്പിക്കുന്നു.

പരാജയത്തിന് പിന്നാലെ ചേര്‍ന്ന പ്രവ‍ര്‍ത്തക സമിതി യോഗത്തില്‍ നിലപാട് മയപ്പെടുത്തിയിരുന്ന ജി 23 നേതാക്കള്‍ വീണ്ടും പരസ്യ വിമര്‍ശനവുമായി രംഗത്തത്തെത്തിയതിനൊപ്പം വിശാല യോഗം വിളിക്കാനും തീരുമാനിച്ചു. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടുള്ള വിമര്‍ശനമാണ് ജി 23 നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 
കോണ്‍ഗ്രസ് എല്ലാവരുടേതുമാണെന്നും ഒരു കുടുംബത്തിന്‍റെ മാത്രമല്ലെന്നും ചൂണ്ടികാട്ടിയ ജി 23 നേതാവ് കപില്‍ സിബല്‍  രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിലാണ് വിമര്‍ശനം അയിച്ചുവിട്ടത്. രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപില്‍ സിബല്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശാലയോഗവും ചേരുന്നത്.

ഇന്ന് വൈകുന്നേരം വിശാല യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരം 7 മണിക്ക് ചേരുന്ന യോഗത്തിലേക്ക് കേരളത്തിലെ ചില നേതാക്കള്‍ക്കും ക്ഷണം ഉണ്ട്. സംഘടനാ ജനറല്‍ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പില്‍ ഗ്രൂപ്പ് 23 നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രതിഷേധിച്ചിരുന്നില്ല. എന്നാല്‍ നേതൃത്വത്തില്‍ മാറ്റം വന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വരും തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാണ് വീണ്ടും നിലപാട് കടുപ്പിക്കാന്‍ ജി 23 നേതാക്കള്‍ തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്. കൂട്ടത്തോല്‍വി അത്ഭുതപ്പെടുത്തിയില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. എട്ട് വര്‍ഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍  ഇപ്പോള്‍ നടത്തിയിട്ട് എന്ത് പ്രയോജനം? നേതാക്കളുടെ മനസിലാണ് ചിന്തന്‍ ശിബിര്‍ നടക്കേണ്ടിയിരുന്നത്. കോണ്‍ഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിന്‍്റെയല്ല. രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപില്‍ സിബല്‍ ചോദിക്കുന്നു. നേതൃത്വം മാറുക തന്നെ വേണം . അല്ലാതെ പരിഷ്ക്കാര നടപടികള്‍ കൊണ്ട് മാത്രം ഗുണം ചെയ്യില്ലെന്നും കപില്‍ സിബല്‍ തുറന്നടിച്ചു.

സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നുറപ്പിച്ച്‌ തരൂർ

കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വേണമെന്നും പ്രവര്‍ത്തകസമിതിയില്‍ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ശശി തരൂര്‍. കഴിഞ്ഞ ദിവസം വിവിധ ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി നേതൃത്വത്തിന് ഒരു നിര നിര്‍ദേശങ്ങള്‍ തരൂര്‍ നല്‍കിയത്. പുതിയ നേതാക്കള്‍ക്ക് കടന്ന് വരാന്‍ അവസരമൊരുക്കണമെന്നും, അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'വെല്ലുവിളി ഏറ്റെടുക്കണം' എന്ന തലക്കെട്ടില്‍ വിവിധ ദിനപത്രങ്ങളില്‍ എഴുതിയ ലേഖനത്തില്‍ മോദിയെയും ബിജെപിയെയും വിമര്‍ശിക്കുന്നതിന് ഒപ്പം എന്ത് ചെയ്യാന്‍ പോകുന്നു എന്ന് കൂടി പറയണമെന്ന് തരൂര്‍ ആവശ്യപ്പെടുന്നു. മൂല്യങ്ങളെ ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്ന് തരൂര്‍ ഓര്‍മപ്പെടുത്തുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി കോണ്‍ഗ്രസ് തുടരണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.


Previous Post Next Post