ഓട്ടോ ടാക്‌സി നിരക്ക്‌ കൂട്ടാൻ ശുപാർശ ; കൂടുതൽ ചർച്ചകൾക്കുശേഷം തീരുമാനമെന്ന്‌ ഗതാഗതമന്ത്രിഓട്ടോറിക്ഷ മിനിമം നിരക്ക് ഒന്നരക്കിലോമീറ്ററിന് 25 രൂപ എന്നത് 30 രൂപയായി വർധിപ്പിക്കാനാണ് ശുപാർശ.




  തിരുവനന്തപുരം ഓട്ടോ–- ടാക്‌സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ സമർപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോറിക്ഷ മിനിമം നിരക്ക് ഒന്നരക്കിലോമീറ്ററിന് 25 രൂപ എന്നത് 30 രൂപയായി വർധിപ്പിക്കാനാണ് ശുപാർശ. കിലോമീറ്റർ നിരക്ക് 12ൽനിന്ന്‌ 15 ആക്കണം. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50 ശതമാനം അധികനിരക്കും രാത്രിയാത്രയിൽ നഗരപരിധിയിൽ 50 ശതമാനം അധികനിരക്കും നിലനിർത്തണം. വെയ്റ്റിങ് ചാർജ്‌ 15 മിനിറ്റിന് 10 രൂപ തുടരാം. 1500 സിസിയിൽ താഴെയുള്ള ടാക്‌സി കാറുകൾക്ക് മിനിമം ചാർജ് 175 രൂപയിൽനിന്ന് 210 ആയും കിലോമീറ്റർ ചാർജ്‌ 15 രൂപയിൽനിന്ന് 18 ആയും 1500 സിസിയിൽ അധികമുള്ളവയ്‌ക്ക്‌ മിനിമം ചാർജ് 200 രൂപയിൽനിന്ന് 240 രൂപയായും കിലോമീറ്ററിന്‌ 17ൽ നിന്ന് 20 ആയും വർധിപ്പിക്കണം. വെയ്റ്റിങ് ചാർജ്‌ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിർത്തണമെന്നും ശുപാർശയുണ്ട്. നിരക്കുവർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ഓട്ടോ–- ടാക്‌സി ചാർജ്‌ വർധിപ്പിക്കണമെന്ന വാഹനം ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്ന് കമീഷൻ റിപ്പോർട്ടിൽ പറഞ്ഞു. കൂടുതൽ ചർച്ചകൾക്കുശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജസ്റ്റിസ് എം രാമചന്ദ്രൻ, ഗതാഗത കമീഷണർ എം ആർ അജിത്കുമാർ, കമ്മിറ്റിഅംഗങ്ങളായ എൻ നിയതി, ടി ഇളങ്കോവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Previous Post Next Post