മുഖ്യമന്ത്രിക്ക് മാത്രം ഇളവ് ; 75 പിന്നിട്ടവരെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി





കൊച്ചി : എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഎം. പിണറായി വിജയന്‍ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ചരിത്രപരമായ തലമുറ മാറ്റത്തിനാണ് സിപിഐഎം തയാറെടുക്കുന്നത്.

മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി.സുധാകരനേയും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. എഴുപത്തിയഞ്ച് വയസു പിന്നിട്ട പശ്ചാത്തലത്തിലാണ് ജി.സുധാകരനെ ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുന്‍പ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി.സുധാകരന്‍ സംസ്ഥാന കമ്മിറ്റിയ്ക്ക് കത്തു നല്‍കിയിരുന്നു.

ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, കെ.ജെ.തോമസ്, പി.കരുണാകരന്‍, എം.എം.മണി, കോലയക്കോട് കൃഷ്ണന്‍നായര്‍, ആര്‍.ഉണ്ണികൃഷ്ണപിള്ള, കെ.വി.രാമകൃഷ്ണ്‍, കെ.പി.സഹദേവന്‍, സി.പി.നാരായണന്‍, പി.പി.വാസുദേവന്‍, എം.ചന്ദ്രന്‍ തുടങ്ങി 13 പേരെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. 

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് 75 വയസെന്ന പ്രായപരിധി നിശ്ചയിച്ചത്. പ്രായപരിധിയ്ക്ക് മുകളിലുള്ളവരെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കണമെന്നായിരുന്നു തീരുമാനം. ജില്ലാ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും പ്രായപരിധി കര്‍ശനമായി തന്നെ നടപ്പാക്കിയിരുന്നു. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഇളവ് ലഭിച്ചത്. 

സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. പതിമൂന്ന് പേരെ കൂടാതെ അനാരോഗ്യം മൂലമെല്ലാം കൂടുതല്‍ പേരെ ഒഴിവാക്കിയിട്ടുണ്ട്. അതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

Previous Post Next Post