പലസ്തീനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ






പലസ്തീനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി.

പലസ്തീനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി മുകുള്‍ ആര്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാമല്ലയിലെ ഓഫിസ് കെട്ടിടത്തിലാണ് മുകുളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2008 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആരോഗ്യമന്ത്രാലയ അംഗങ്ങളും ഫൊറന്‍സിക് വിദഗ്ധരും മുകുളിന്റെ വസതിയിലെത്തി പരിശോധന നടത്തിയതായി പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. മുകുള്‍ മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും വിയോഗം ഞെട്ടിക്കുന്നതാണെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന മുകുള്‍ യുനെസ്‌കോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കാബുള്‍, മോസ്‌കോ എംബസികളിലും പ്രവര്‍ത്തിച്ചു. 

മുകുളിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതായി പലസ്തീന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് പലസ്തീൻ ഉത്തരവിട്ടിട്ടുണ്ട്.

Previous Post Next Post