സൂര്യനില്‍ നിന്ന് വരുന്ന പുതിയ വോര്‍ട്ടിസിറ്റി തരംഗങ്ങള്‍ കണ്ടെത്തി ശാസ്‌ത്രജ്ഞര്‍.


ഡൽഹി : സൂര്യനില്‍ നിന്ന് വരുന്ന പുതിയ വോര്‍ട്ടിസിറ്റി (ചുഴലിയോട് സമാനമായി കറങ്ങുന്ന) തരംഗങ്ങള്‍ കണ്ടെത്തി ശാസ്‌ത്രജ്ഞര്‍. നിലവിലുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച് പ്രവചിക്കാൻ കഴിയുന്നതിനെക്കാൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്ന തരംഗങ്ങളാണിവ. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി, അബുദാബി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസർച്ച് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍.

സൂര്യന്‍റെ ഭ്രമണത്തിന്‍റെ വിപരീത ദിശയില്‍ സഞ്ചരിയ്ക്കുന്ന ഹൈ ഫ്രീക്വൻസി റിട്രോഗ്രേഡ് (HFR) തരംഗങ്ങൾ, സൂര്യന്‍റെ ഉപരിതലത്തിൽ ചുഴലിയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. നിലവിലുള്ള സിദ്ധാന്തങ്ങള്‍ പ്രവചിക്കുന്നതിന്‍റെ മൂന്നിരട്ടി വേഗതയിൽ ഈ തരംഗങ്ങള്‍ക്ക് സഞ്ചരിയ്ക്കാനാകും. മൂന്ന് അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം മുന്നോട്ട് പോയത്.

സൂര്യനുള്ളിലെ മാഗ്‌നെറ്റിക് ഫീല്‍ഡുകള്‍ മൂലം തരംഗങ്ങള്‍ ഉണ്ടാകുന്നു, സൂര്യനിലെ ഗുരുത്വാകർഷണ തരംഗങ്ങളിൽ നിന്നാണ് അവ വരുന്നത്, പ്ലാസ്‌മയുടെ കംപ്രഷൻ മൂലമാണ് അവ സംഭവിയ്ക്കുന്നത്. എന്നാൽ ഈ അനുമാനങ്ങളൊന്നും ഗവേഷകർക്ക് സ്ഥിരീകരിയ്ക്കാനായില്ല. റോസ്ബി തരംഗം (Rossby Waves) എന്നറിയപ്പെടുന്ന ഭൂമിയുടെ സമുദ്രങ്ങളിൽ കാണപ്പെടുന്ന തരംഗത്തോട് വളരെ സാമ്യമുള്ളതാണ് ഈ തരംഗങ്ങളുടെ സ്വഭാവം. സൂര്യന്‍റെ നിരീക്ഷിയ്ക്കാനാകാത്ത അന്തർഭാഗത്തെക്കുറിച്ച് ഉൾക്കാഴ്‌ച പകരാൻ പുതിയ കണ്ടെത്തല്‍ സഹായിച്ചേക്കുമെന്ന് പ്രബന്ധത്തിന്‍റെ രചയിതാക്കളിലൊരാളായ ശ്രാവൺ ഹനസോഗെ പറഞ്ഞു.
Previous Post Next Post