ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒരു പദ്ധതിയും നടപ്പാക്കാനാവില്ല: സിപിഎം വികസന രേഖ



തിരുവനന്തപുരം∙ സിൽവർ ലൈൻ പോലുള്ള വൻകിട പദ്ധതികൾക്കെതിരായ രാഷ്ട്രീയ കുത്തിത്തിരിപ്പുകളെ നേരിടുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ ബഹുജന വിദ്യാഭ്യാസവും പ്രചാരണവും പാർട്ടി ഏറ്റെടുക്കണമെന്ന് സിപിഎം വികസന രേഖ.

ബഹുജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാനാവില്ലെന്നു നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന പേരിൽ സിപിഎമ്മിന്റെ കൊച്ചി സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖയിൽ പറയുന്നു. സമ്മേളനത്തിലുയർന്നുവന്ന ഭേദഗതികൾ സഹിതം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച നയരേഖ സിപിഎം പ്രസിദ്ധീകരിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങൾ കാര്യക്ഷമമായും ലാഭകരമായും നടത്താൻ തൊഴിലാളികളെ അണിനിരത്താൻ ട്രേഡ് യൂണിയനുകൾക്ക് സാധിക്കണമെന്നു രേഖ നിർദേശിക്കുന്നു. വ്യവസായ സ്ഥാപനങ്ങളിലെ ശമ്പളനിർണയത്തിൽ ജീവിതച്ചെലവിനോടൊപ്പം സ്ഥാപനത്തിന്റെ സാമ്പത്തികശേഷി കൂടി കണക്കിലെടുത്തുള്ള നിലപാട് സ്വീകരിക്കാനാവണം. ഏതെങ്കിലും വ്യവസായത്തിൽ തെറ്റായ പ്രവണതകൾ നിലനിൽക്കുന്നുവെങ്കിൽ തൊഴിലാളി സംഘടനാ നേതൃത്വവുമായി ചർച്ച ചെയ്ത് അത്തരം കാര്യങ്ങളൊഴിവാക്കാൻ നടപടി സ്വീകരിക്കണം.

പൊതുമേഖലയിലുൾപ്പെടെ പുതിയ വ്യവസായങ്ങൾ കൊണ്ടുവരാൻ ഫലപ്രദമായ നടപടികൾ വേണം. സൂക്ഷ്മ, ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിനുള്ള ഊന്നൽ മുന്നോട്ട് കൊണ്ടുപോകണം. ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ വരുന്നവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിലയുണ്ടാവണം. ആഗോളതലത്തിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ഉന്നത കലാലയങ്ങൾ വളർത്തിക്കൊണ്ടുവരണം.

സർക്കാർ, സഹകരണ മേഖലകളിലും പിപിപി മോഡലിലും സ്വകാര്യമേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുണ്ടാവണം. സാമൂഹ്യ നിയന്ത്രണത്തോടെ മാത്രം ഇവയെല്ലാം പ്രവർത്തിക്കുന്നുവെന്നുറപ്പാക്കണം. സാമൂഹ്യനീതി ഉറപ്പാക്കിയും നിർദിഷ്ട നിലവാര മാനദണ്ഡങ്ങൾ പാലിച്ചുമാണ് സ്വകാര്യമേഖലയിലുൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണ സംവിധാനമേർപ്പെടുത്തണം.

കേരളത്തിലെ 40 ശതമാനത്തിലേറെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രതിപക്ഷത്തിന്റേതായതിനാൽ ഇവയുടെ മേൽ ജനാധിപത്യപരമായ സമ്മർദം ചെലുത്താനും ക്രിയാത്മകമായ മാർഗദർശനം നൽകാനുമുതകുന്ന രീതിയിൽ വേണം പാർട്ടി നിയന്ത്രണത്തിലുള്ള തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കാനെന്ന് സിപിഎം നയരേഖ വ്യക്തമാക്കുന്നു.


Previous Post Next Post