മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: യൂത്ത് ലീഗ് നേതാക്കള്‍ കസ്റ്റഡിയില്‍


കെ റെയില്‍ പദ്ധതി സംബന്ധിച്ച്‌ പൗരപ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്താന്‍ കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീഗ് നേതാക്കളെ വെള്ളയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തിലുള്ള ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കെ റെയില്‍ പദ്ധതി നടക്കുമെന്ന് എതിര്‍ക്കുന്നവര്‍ക്ക് പോലുമറിയാമെന്നും അത് തന്നെയാണ് എതിര്‍പ്പിന് കാരണമെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരു പദ്ധതിയെ കുറിച്ച്‌ പറഞ്ഞാല്‍ നടക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ സംബന്ധിച്ച്‌ പൗരപ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് ചിലര്‍ പറയുന്നതെന്നും ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴാണ ഇത് നടക്കുകയെന്നും ഇത്തരം പദ്ധതി കേരളം ആഗ്രഹിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാത്രാ സമയം കുറയ്ക്കുന്നത് ആവശ്യമായതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അതിനുവേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മുമ്ബൊക്കെ പദ്ധതികള്‍ കൊണ്ടു വന്നാല്‍ സാധാരണ നടപ്പാകാറില്ലെന്നും ഏത് പദ്ധതി വരുമ്ബോഴും അങ്ങനെയാണ് ജനങ്ങള്‍ കണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പാകില്ലെന്ന് കരുതിയ ദേശീയ പാത വികസനം ഓരോ റീച്ചായി അതി വേഗത്തില്‍ നടക്കുന്നു. ഗെയില്‍ പദ്ധതി നടക്കില്ലെന്ന് കരുതി അവര്‍ തന്നെ ഉപേക്ഷിച്ചതാണ്. അത് നടപ്പായി -മുഖ്യമന്ത്രി പറഞ്ഞു.

കെ റെയില്‍ നടപ്പാക്കുമ്ബോള്‍ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാറിനില്ലെന്നും നാടിന്റെ വികസനത്തിന് വേണ്ടി കുറച്ച്‌ സ്ഥലം വിട്ടു നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണടച്ച്‌ എതിര്‍ക്കുന്നവര്‍ക്കുള്ള വിശദീകരണമല്ലിതെന്നും യഥാര്‍ത്ഥ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

പദ്ധതി എല്ലാ രീതിയിലും പരിസ്ഥിതി സൗഹൃദമാണ്. കേരളത്തിലെ ചില പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമാണെങ്കിലും അത്തരമിടങ്ങളിലൂടെ പാത കടന്നു പോകുന്നില്ല. 15 മീറ്റര്‍ മുതല്‍ 25 മീറ്റര്‍ വരെ വീതിയാണ് ആവശ്യമായ ഭൂമിയ്ക്ക് വേണ്ടത്. കല്ലും മണ്ണുമെല്ലാം ദേശീയ പാത വികസനത്തെക്കാള്‍ കുറവ് മതി. 115 കിലോമീറ്റര്‍ പാടശേഖരത്തില്‍ 88 Km ആകാശപാതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വെള്ളപ്പൊക്ക ഭീഷണിയെന്ന വാദം ശരിയല്ലെന്നും തൂണുകളിലും തുരങ്കങ്ങളിലൂടെയുമാണ് റെയില്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടിനെയാകെ വിഭജിക്കുന്നതല്ല പാതയെന്നും ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ അടിപ്പാതകള്‍ ഉണ്ടാകുമെന്നും അതിനാല്‍ അതിവേഗ റെയിലിന് സ്റ്റാന്‍ഡേര്‍ഡ് ഗേജോണ് എല്ലായിടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വെയുടെ നിര്‍ദ്ദേശം അതാണെന്നു ചൂണ്ടിക്കാട്ടി. 200 കിലോമീറ്ററാണ് സില്‍വര്‍ ലൈന്‍ പ്രവര്‍ത്തന വേഗതയെന്നും സംരക്ഷിത വേലികള്‍ ഉണ്ടാകുമെന്നും പറഞ്ഞു. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ നിലവിലെ റെയില്‍ പാത വളവും തിരിവുമുള്ളതാണ്. അതിനാല്‍ ഗ്രീന്‍ഫീല്‍ഡ് പാത വേണം. അല്ലാത്തിടത്തെല്ലാം നിലവിലെ റെയില്‍ പാതയ്ക്ക് സമാന്തരമായി തന്നെയാണ് സില്‍വര്‍ ലൈന്‍ നിര്‍മിക്കുക. ഇതുവഴി റോഡപകടങ്ങള്‍ 30 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത് - മുഖ്യമന്ത്രി പറഞ്ഞു.

കാലാനുസൃതമായ മാറ്റം നാട്ടില്‍ വേണമെന്നും സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേയ്ക്ക് ചികിത്സയ്ക്ക് പോകുന്നവര്‍ക്കും സമയ ലാഭമുണ്ടാകുമെന്നും താങ്ങാവുന്ന ചാര്‍ജ്ജാണ് ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയില്‍ വലിയ നിക്ഷേപങ്ങളും വരുമെന്നും ഭാവി കൂടി കണ്ട് വേണം സില്‍വര്‍ ലൈനെ വിലയിരുത്താനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയെ തകര്‍ക്കുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അതിവേഗത്തിലാണ് സംസ്ഥാനത്തിന്റെ സാമ്ബത്തിക വളര്‍ച്ചയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. അതിന് സഹായിക്കുന്നതാകും പദ്ധതിയെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പദ്ധതിയ്ക്ക് അനുകൂല നിലപാടൊണ് സ്വീകരിച്ചതെന്നും ഇപ്പോള്‍ പ്രാദേശികമായി എതിര്‍ക്കുന്നതിനാല്‍ ചെറിയ ശങ്ക നിലനില്‍ക്കുന്നുവെന്നും പറഞ്ഞു. തെറ്റായ പ്രചാരണം നടത്തി പദ്ധതി വരാതിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാളത്തെ തലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണ് വികസനമെന്നും നാടിനാവശ്യമായ പദ്ധതി അനാവശ്യമായ വിവാദങ്ങളുടെയോ എതിര്‍പ്പിന്റെയോ പേരില്‍ ഒഴിവാക്കില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു. ഇപ്പോള്‍ നടക്കുന്ന വിശദീകണ യോഗം നാടിന്‍റ ഒരു തലത്തിലുള്ളവരുമായാണ്. മറ്റു തലങ്ങളിലുള്ളവരോട് പിന്നീട് സംസാരിക്കുമൊന്നും ഇവര്‍ നാടിന്റെ ഭാഗമല്ലെന്ന് പ്രചാരണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Previous Post Next Post