'പുട്ട്'... ബന്ധങ്ങൾ തകർക്കും!, എനിക്ക് ഇഷ്ടമല്ല'- മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറൽ

 



ബം​ഗളൂരു: മലയാളിയെ സംബന്ധിച്ച് പ്രഭാത ഭക്ഷണങ്ങളിലെ ഇഷ്ട വിഭവമാണ് പുട്ട്. എന്നാൽ, ദിവസവും രാവിലെ പുട്ടു കഴിച്ച് മടുത്ത ബം​ഗളൂരുവിൽ പഠിക്കുന്ന മലയാളിയായ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. മുക്കത്തുകാരനായ ജയിസ് ജോസഫിന്റെ ഉത്തരക്കടലാസാണ് ഇപ്പോൾ തരം​ഗമായി മാറിയത്. 

ബംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്‌സ് സിറ്റിയിലെ വിദ്യാർത്ഥിയാണ് ജയിസ് ജോസഫ്. 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം' എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാ പരീക്ഷയിലെ നിർദേശം. 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്' എന്നു പറഞ്ഞാണ് ജയിസിന്റെ ഉത്തരം തുടങ്ങുന്നത്. 

'കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാമെന്നതിനാൽ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചു മിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാൻ പറഞ്ഞാൽ അമ്മ ചെയ്യില്ല. അതോടെ ഞാൻ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്കു പറയുമ്പോൾ എനിക്ക് കരച്ചിൽ വരും. പുട്ട് ബന്ധങ്ങളെ തകർക്കും'- എന്നു പറഞ്ഞാണ് കുഞ്ഞ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്.

'എക്‌സലന്റ്' എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിർണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്- ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ്. നടൻ ഉണ്ണി മുകുന്ദനടക്കമുള്ളവർ കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കിട്ടിരുന്നു. 

Previous Post Next Post