ഇതുവരെ നൽകിയ അവസരങ്ങള്‍ക്ക് നന്ദി; ഇനി മത്സരിക്കാനില്ലെന്ന് എ കെ ആന്റണി




 
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് ആന്റണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് നന്ദി അറിയിച്ചു. ഇതോടെ പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കെപിസിസി ആലോചന തുടങ്ങി.

കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഈ മാസം 31 നാണ് വോട്ടെടുപ്പ്. എ കെ ആന്റണി അടക്കം മൂന്നു സീറ്റുകളിലാണ് കേരളത്തില്‍ ഒഴിവുണ്ടാകുന്നത്. 

കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം വി ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് തീരുന്നത്. 

1985-ലാണ് ആന്റണി ആദ്യമായി രാജ്യസഭാം​ഗമാകുന്നത്. 1991-ൽ രണ്ടാം വട്ടവും രാജ്യസഭ അംഗമായ ആൻ്റണി നരസിംഹറാവു മന്ത്രിസഭയിൽ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു. 2016 ൽ അഞ്ചാം തവണയാണ് ആന്റണി രാജ്യസഭയിലെത്തുന്നത്. 

രാജ്യസഭാ തെരഞ്ഞെടുപ്പിനായി ഈ മാസം 14ന് ഇലക്ഷന്‍ കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.


Previous Post Next Post