ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീലിന് അനുമതി





തിരുവനന്തപുരം :കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീലിന് പോകാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി.

ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ കോട്ടയം സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈ​കോടതിയില്‍ അപ്പീല്‍ നല്‍കും.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ 2022 ജനുവരി 14 നാണ് കോടതി വെറുതെ വിട്ടത്. പ്രതി കുറ്റവിമുക്തന്‍ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ജി. ഗോപകുമാര്‍ വിധി പറഞ്ഞിരുന്നത്. വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. കോടതി വിധി തെറ്റായ രീതിയില്‍ എന്നും അപ്പീലില്‍ കന്യാസ്ത്രീ പറയുന്നു.

ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അഡ്വക്കറ്റ് ജനറലിന് കത്ത് നല്‍കിയിരുന്നു. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശവും കത്തിനൊപ്പമുണ്ട്.

ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരിയായ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗചെയ്തെന്ന കേസില്‍ കോട്ടയം സെഷന്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതിവിധി 2013ലെ നിര്‍ഭയ കേസിനെ തുടര്‍ന്നുള്ള നിയമഭേദഗതിക്ക് എതിരാണെന്നാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം.


Previous Post Next Post