കുവൈത്തില്‍ താമസ സ്ഥലത്ത് കഞ്ചാവ് കൃഷിയും വില്‍പനയും നടത്തിയ രണ്ട് പേര്‍ അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈത്തില്‍ താമസ സ്ഥലത്ത് കഞ്ചാവ് കൃഷിയും വില്‍പനയും നടത്തിയ രണ്ട് പേര്‍ അറസ്റ്റിലായി. ഒരു കിലോ കഞ്ചാവും മൂന്ന് കഞ്ചാവ് ചെടികളും അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പിടിച്ചെടുത്തു.

കുവൈത്ത് ഡ്രഗ്സ് ആന്റ് ആല്‍ക്കഹോള്‍ കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (ജി.ഡി.ഡി.എ.സി) കീഴിലുള്ള ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്പാര്‍ട്ട്മെന്റിലായിരുന്നു കഞ്ചാവ് കൃഷി നടത്തിയത്. 14 ഗ്രാം കഞ്ചാവ് അടങ്ങിയ ചെറിയ രണ്ട് പാക്കറ്റുകളും ചെറിയ അളവില്‍ ഹാഷിഷുമായി പ്രതികളിലൊരാളാണ് ആദ്യം പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്‍തപ്പോഴാണ് അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നത്. ഇതോടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പബ്ലിക് പ്രോസിക്യൂഷനെ സമീപിച്ച് റെയ്‍ഡ് നടത്താനുള്ള അനുമതി വാങ്ങി, പരിശോധനയ്‍ക്ക് എത്തുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇരുവരം കുറ്റങ്ങള്‍ സമ്മതിച്ചു. മയക്കുമരുന്ന് കടത്ത് നടത്തിയിട്ടുണ്ടെന്നും ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.
രണ്ട് പ്രതികളെയും ഇവരില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Previous Post Next Post