ആരെയും വിശ്വാസമല്ലെങ്കില്‍ മരുമകനെ ആഭ്യന്തര മന്ത്രിയാക്കണം: പി.സി.ജോര്‍ജ്






കോട്ടയം: കേരളം അരാജകത്വത്തിലേക്ക് എത്തിക്കഴിഞ്ഞതായി കേരള ജനപക്ഷം ചെയര്‍മാന്‍ പി. സി. ജോര്‍ജ്. ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തികഞ്ഞ പരാജയമാണ്.്ആരെയും വിശ്വാസമില്ലെങ്കില്‍ മരുമകന്‍ മുഹമ്മദ് റിയാസിനെ ആഭ്യന്തര മന്ത്രിയാക്കാന്‍ പിണറായി തയ്യാറാകണമെന്നും പി.സി.ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ പിണറായിസത്തിന് എതിരെയുള്ള പോരാട്ടത്തില്‍ ഏത് കക്ഷിയുമായും, ഏത് മുന്നണിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. പിണറായി ഭരണത്തിന്റെ ആറ് വര്‍ഷത്തെ ഭരണ നേട്ടം കൊള്ളയും, കൊലപാതകവും, സ്ത്രീപീഡനങ്ങളുമായി മാറി കഴിഞ്ഞു. വര്‍ഗീയ കൊലപാതകങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും, മോഷണത്തിന് വേണ്ടിയുള്ള കൊലപാതകങ്ങളും നിയന്ത്രിക്കുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. 

പോലീസ് സേനയില്‍ തന്നെ രാജ്യദ്രോഹ ശക്തികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എതിരാളികളെ വകവരുത്താന്‍ സഹായിക്കുന്നവര്‍ ഉണ്ടെന്ന് തൊടുപുഴ സംഭവം ബോധ്യപ്പെടുത്തുന്നു. 26 പുതിയ പോക്‌സോ കോടതികള്‍ കൂടി സ്ഥാപിക്കേണ്ട ഗതികേട് സര്‍ക്കാരിന് ഉണ്ടായി. ഇതോടെ 58 പോക്‌സോ കോടതികള്‍ ആണ് കേരളത്തില്‍ നിലവിലുള്ളത്. ഈ ഭരണത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ല എന്നതിന് തെളിവാണിത്.

 എറണാകുളത്ത് നടക്കുന്നത് സിപിഐ എം സംസ്ഥാന സമ്മേളനമാണെന്ന് കരുതാന്‍ കഴിയില്ല. പിണറായി വിജയന്‍ എന്ന വ്യക്തിയുടെ പേരില്‍ ഒരുപറ്റം ആളുകള്‍ ഒരുമിച്ച് ചേരുന്ന ഒരു യോഗം മാത്രമായി എറണാകുളം സമ്മേളനം അധഃപതിച്ചിരിക്കുന്നു. 

സിപിഐ എമ്മിന് രൂപംകൊടുത്ത 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തി വിഎസ് അച്യുതാനന്ദന്‍ മാത്രമാണ്. അദ്ദേഹത്തെയും ഈ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. എറണാകുളത്ത് നടക്കുന്ന സമ്മേളനത്തില്‍ ആ നാട്ടുകാരനായ മുതിര്‍ന്ന നേതാവ് എം.എം.ലോറന്‍സിനെയും ഒഴിവാക്കിയിരിക്കുന്നു. അതുകൊണ്ടാണ് കേരളത്തില്‍ കമ്മ്യൂണിസം നഷ്ടപ്പെട്ട് പിണറായിസം മാത്രമാണുള്ളതെന്ന് പറയാന്‍ കാരണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള ആളുകള്‍ സംഘടിച്ച് പിണറായിസത്തിനെതിരെ രംഗത്ത് വരണം എന്നാണ് തൻ്റെ അഭിപ്രായമെന്നും ജോർജ് പറഞ്ഞു.

 കര്‍ഷകരുടെ ശത്രു കേരളാ കോണ്‍ഗ്രസുകാരാണെന്നും കര്‍ഷകരുടെ പട്ടയം തടഞ്ഞുവച്ചത് കെ.എം. മാണിയുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post