പിഴുതെറിഞ്ഞ സര്‍വേക്കല്ലുകൾ വീണ്ടും സ്ഥാപിച്ചു; പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും; കല്ലായിയില്‍ സംഘര്‍ഷം




 

കോഴിക്കോട്: സില്‍വര്‍ ലൈന്‍ കല്ലിടലില്‍ കോഴിക്കോട് കല്ലായിയില്‍ സംഘര്‍ഷം. സമരക്കാര്‍ പിഴുതെറിഞ്ഞ കല്ലുകള്‍ ഉദ്യോഗസ്ഥര്‍ വീണ്ടും സ്ഥാപിച്ചു. വന്‍ പൊലീസ് വലയത്തിലാണ് വീണ്ടും കല്ലുകള്‍ സ്ഥാപിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കല്ലിടല്‍ തടഞ്ഞ് രംഗത്തെത്തിയ സ്ത്രീകള്‍ അടക്കമുള്ള സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. 

മുന്‍കൂട്ടി അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയതെന്ന് പറഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പൊലീസ് മര്‍ദ്ദനമേറ്റ ഒരു പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സ്ഥലത്തെത്തിയ എം കെ രാഘവന്‍ എംപി പറഞ്ഞു. നാട്ടുകാരെ വെല്ലുവിളിച്ചുകൊണ്ടും തെരുവില്‍ നേരിട്ടും ഒരു പദ്ധതി നടപ്പാക്കാനാകുമോയെന്നും രാഘവന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാന്‍ എത്തിയവരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ പ്രതിഷേധം തുടരുകയാണ്. മാടപ്പള്ളിയില്‍ സ്ഥാപിച്ച കെ റെയില്‍ സര്‍വേക്കല്ലുകള്‍ സമരക്കാര്‍ പിഴുതെറിഞ്ഞു. കോട്ടയം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കല്ലുകള്‍ പിഴുതത്. ഇന്നലെ പൊലീസുമായി സംഘര്‍ഷമുണ്ടായ മാടപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തി.


Previous Post Next Post