സ്ത്രീയെ മൊബൈലില്‍ വിളിച്ച് അസഭ്യം; പോലീസ് എത്തിയപ്പോള്‍ കൈ ഞരമ്പ് മുറിച്ചു, നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയിൽ






കോട്ടയം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. പെരുന്ന കുരിശുംമൂട്ടില്‍ വീട്ടില്‍ ജാക്സണ്‍ (27) ആണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണിലൂടെ സ്ത്രീയെ വിളിച്ച് അസഭ്യം പറഞ്ഞ കേസിലാണ് അറസ്റ്റ്. കോട്ടയം കുടമാളൂര്‍ ഭാഗത്ത് ഒരുവീട്ടില്‍ ഇയാള്‍ ഉണ്ടെന്നറിഞ്ഞ് പൊലീസ് എത്തുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസാണ് ഇയാളെ പിടികൂടിയത്.

അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ മുറിക്കകത്ത് കയറി ഇയാള്‍ കൈ ഞരമ്പ് മുറിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ നല്‍കിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാന്‍ലിയെന്ന പൊലീസുകാരന് പരിക്കേറ്റു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോട്ടയം, തൃക്കൊടിത്താനം, കറുകച്ചാല്‍, മണിമല പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുള്ളതായി പൊലീസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതി.ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Previous Post Next Post