സംസ്ഥാനത്ത് കെ-ഗുണ്ടായിസമെന്ന് വിഷ്ണുനാഥ്; ആരെതിര്‍ത്താലും നടപ്പാക്കുമെന്ന് ഷംസീർ



തിരുവനന്തപുരം∙ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച ആരംഭിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത് സമരത്തിന്റെ വിജയമാണെന്ന് പ്രമേയം അവതരിപ്പിച്ച് പി.സി.വിഷ്ണുനാഥ് പറഞ്ഞു. 14 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഒരു മണി മുതൽ മൂന്നുമണിവരെയാണ് ചർച്ചയ്ക്ക് സ്പീക്കർ സമയം അനുവദിച്ചിരിക്കുന്നത്. 

സംസ്ഥാനത്ത് കെ-ഗുണ്ടായിസം നടക്കുന്നുവെന്നും സ്വകാര്യ ഭൂമിയില്‍ കയറി പൊലീസ് അഴിഞ്ഞാടുന്നുവെന്നും വിഷ്ണുനാഥ് ആരോപിച്ചു. സര്‍ക്കാരിന്റേത് ഗുണ്ടായിസമാണ്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നു. അടുക്കളയില്‍ വരെ മഞ്ഞക്കല്ലുകള്‍ കുഴിച്ചിടുകയാണ്. കേരളം കണ്ടിട്ടില്ലാത്ത ഫാസിസമാണ്. ഭരണപരാജയം മറച്ചുവയ്ക്കാനുള്ള പദ്ധതിയാണിത്. 

കുഞ്ഞുങ്ങളുടെ മുന്നില്‍ മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നു. സാമൂഹികാഘാതപഠനമല്ല മറിച്ച് സാമൂഹിക അതിക്രമമാണ് നടക്കുന്നത്. കുഞ്ഞുങ്ങളുടെ കണ്ണീരിനപ്പുറം എന്ത് സാമൂഹികപഠനമാണ്. വെല്‍വയല്‍ നികത്തേണ്ടി വരുമെന്ന് ഡിപിആറില്‍ തന്നെ പറയുന്നു. പ്രതിഷേധിക്കുന്നവര്‍ക്കെതിരേ സര്‍ക്കാരിന്റെ ഗുണ്ടായിസമാണ് നടക്കുന്നത്. ഗുണ്ടകള്‍ വിലസുമ്പോള്‍ പൊലീസ് മഞ്ഞക്കുറ്റിക്ക് കാവലാണ്. പദ്ധതിക്കുള്ള വിഭവങ്ങള്‍ എവിടെനിന്ന് കൊണ്ടുവരുമെന്ന് അറിയില്ല. പദ്ധതിയിലാകെ ദുരൂഹതയാണെന്നും വിഷ്ണുനാഥ് പറഞ്ഞു. 

പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നതും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്കു താങ്ങാനാകാത്തതുമായ സിൽവർലൈൻ പദ്ധതിയെ സംബന്ധിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പി.സി.വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നവരെ കുട്ടികളുടെ മുന്നിൽവച്ച് പൊലീസ് വലിച്ചിഴക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു.

 പദ്ധതിയുടെ പേരിൽ പൊലീസ് അഴിഞ്ഞാടുകയാണ്. പൊലീസ് ഉൾപ്പെടുന്ന സംഘം വീട്ടിലേക്കു കയറിവന്ന് മാനദണ്ഡം പാലിക്കാതെ മഞ്ഞക്കല്ലിടുകയാണ്. സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ സാമൂഹിക അതിക്രമമാണ് നടക്കുന്നത്. അടുക്കളയിൽവരെ പദ്ധതിക്കായി കല്ലിടുന്നു. പദ്ധതി സമ്പന്നർക്കായി മാത്രമുള്ളതാണെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു.

 കേരളത്തിനു വേണ്ടപ്പെട്ട പദ്ധതിയായതിനാൽ സിൽവർലൈൻ വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രി രാവിലെ നിയമസഭയെ അറിയിച്ചിരുന്നു.

മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ പാത പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സിപിഎം ഇവിടെ പദ്ധതിയെ അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തി ജനത്തെ പദ്ധതിക്കെതിരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രകടനപത്രികയിൽ പറഞ്ഞ സിൽവർലൈൻ ആരൊക്കെ പറഞ്ഞാലും നടപ്പിലാക്കുമെന്ന് എ.എൻ.ഷംസീർ മറുപടിയില്‍ പറഞ്ഞു. എന്തിനെയും ഏതിനെയും എതിർക്കുന്നതാണ് പ്രതിപക്ഷ രീതി. കേരളത്തിൽ മണിക്കൂറിൽ 57 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ. ഇതിനാൽ പദ്ധതി കേരളത്തിന് അനിവാര്യമെന്നും എ.എൻ.ഷംസീർ പറഞ്ഞു.


Previous Post Next Post