മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു







കോട്ടയം : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ സഹദേവന്‍ അന്തരിച്ചു. 71 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.കരൾ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്.

ചലച്ചിത്ര നിരൂപകനും അധ്യാപകനുമായ അദ്ദേഹം മാതൃഭൂമി, ഇന്ത്യാവിഷന്‍, മനോരമ മീഡിയ സ്കൂള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഇന്ത്യവിഷനിലെ 24 ഫ്രെയിംസ് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്. പത്ര മാധ്യമ രംഗത്തും ദൃശ്യ മാധ്യമ രംഗത്തും കഴിവ് തെളിയിച്ച അദ്ദേഹം നിലവില്‍ മനോരമ യുടെ മാസ്കോം ജേര്‍ണലിസം സ്കൂളില്‍ അദ്ധ്യാപകനായിരുന്നു. സ്വദേശം പാലക്കാടാണെങ്കിലും കോഴിക്കോടായിരുന്നു താമസം.

മലയാള മാധ്യമരംഗത്ത് ചലച്ചിത്ര വിശകലനത്തിന്‍റെയും അവലോകനത്തിന്‍റെയും പുതുവഴികൾ തുറന്നിട്ട മാധ്യമപ്രവർത്തകനായിരുന്നു എ സഹദേവൻ. സിനിമയ്ക്കൊപ്പം പരിസ്ഥിതി, സ്ത്രീപക്ഷ എഴുത്ത് എന്നിവയെ ചേർത്തുപിടിച്ച സഹദേവൻ, ദൃശ്യമാധ്യമ രംഗത്തും തനതായ ശൈലിയിലൂടെ എന്നും വേറിട്ടുനിന്നു.

 ലോകസിനിമയുടെ രാഷ്ട്രീയം സൂക്ഷമതയോടെ പഠിച്ച് ആധികാരികതയോടെ അവതരിപ്പിച്ച മാധ്യമപ്രവർത്തകനായിരുന്നു എ സഹദേവൻ. ലോക സിനിമയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ സിനിമയിലും പരീക്ഷണങ്ങളുണ്ടായ കാലഘട്ടത്തിൽ മലയാളത്തിൽ അവയെ ഗൗരവത്തോടെ സമീപിച്ച മാധ്യമ പ്രവർത്തകർ വളരെ കുറവായിരുന്നു. അക്കാലത്താണ് സിനിമയെഴുത്തിന്‍റെ പുതിയ ഭാഷ സഹദേവൻ പരിചയപ്പെടുത്തുന്നത്.

മാതൃഭൂമി വാരാന്തപ്പതിപ്പിന്‍റെയും പിന്നീട് മാതൃഭൂമിയുടെ സിനിമ പ്രസിദ്ധീകരണമായ ചിത്രഭൂമിയുടെയും ചുമതലക്കാരനായിരുന്നു ഏറെക്കാലം. അക്കാലത്ത് പ്രശസ്തരുടെ സാഹിത്യരചനകൾ കൊണ്ട് സമ്പന്നമായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, എം ടിക്കൊപ്പവും പിന്നീട് എം ടി ചുമതലയൊഴിഞ്ഞതിന് ശേഷവും സുപ്രധാന ചുമതലകളിൽ സഹദേവനുണ്ടായിരുന്നു.

സിനിമ നിരൂപണങ്ങളിലൂടെ ദൃശ്യഭാഷയും തനിക്കിണങ്ങുമെന്ന് തെളിയിച്ച സഹദേവൻ ഇന്ത്യാവിഷൻ വാർത്താ ചാനലിന്‍റെ അസോ.എഡിറ്ററായി ചുമതലയേറ്റു. വാർത്താ ഏകോപനത്തോടൊപ്പം 24 ഫ്രെയിംസ് എന്ന സിനിമാ നിരൂപണ പരിപാടിയെ ജനകീയമാക്കി സഹദേവൻ. പിന്നീട് ഓൺലൈൻ ചാനലുകൾക്കുൾപ്പെടെ നിരവധി മാധ്യമങ്ങളിൽ സഹദേവൻ ലോക സിനിമയുടെ രസതന്ത്രം കാഴ്ചക്കാർക്ക് മുന്നിലെത്തിച്ചു.

സഫാരി ടിവിയില്‍ വേള്‍ഡ് വാര്‍ സെക്കന്‍ഡ്, ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്നീ പരിപാടികളും അവതരിപ്പിച്ചിരുന്നു.

2017 മുതല്‍ മനോരമ സ്‌കൂള്‍ ഓഫ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറാണ്. ചലച്ചിത്ര നിരൂപകനെന്ന നിലയിലും ശ്രദ്ധേയനാണ്. ഫിലിം ക്രിട്ടിക് ജൂറി അംഗവും 33 വര്‍ഷമായി പത്ര, ദൃശ്യ മാധ്യമപ്രവര്‍ത്തകനുമാണ്. ഭാര്യ പുഷ്പ, മകള്‍ ചാരു.
Previous Post Next Post