സ്വത്ത് തർക്കത്തിനിടെ സഹോദരൻ വെടിവച്ച സംഭവം : മരണം രണ്ടായി, ചികിത്സയിലിരുന്ന ബന്ധുവും മരിച്ചു



പൊലീസ് കസ്റ്റഡിയിലെടുത്ത ജോർജ് കുര്യൻ
 

കോട്ടയം: സ്വത്ത് തർക്കത്തിനിടെ ഉണ്ടായ വെടിവെപ്പിൽ മരണം രണ്ടായി. വെടിയേറ്റ് ചികിത്സയിലായിരുന്ന കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. വെടിവെച്ച ജോർജ് കുര്യന്റെ മാതൃ സഹോദരനാണ് ഇയാൾ. ജോർജ്ജിന്റെ വെടിയേറ്റ് സഹോദരൻ രഞ്ജു കുര്യൻ നേരത്തെ മരിച്ചിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്.

കുടുംബ വീടിന് അടുത്തുള്ള സ്ഥലം സംഭന്ധിച്ച് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. രണ്ടരയേക്കർ സ്ഥലത്ത് ജോർജ് കുര്യൻ വീടുകൾ വെച്ച് വിൽപന നടത്താനുള്ള പദ്ധതി ഇട്ടതാണ് തർക്കത്തിന് കാരണം. കുടുംബ വീടിന് അടുത്തുള്ള അരയേക്കർ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരൻ രഞ്ജു കുര്യൻ ആവശ്യപ്പെട്ടെങ്കിലും ജോർജ് അംഗീകരിച്ചില്ല. ഇവർക്കിടയിലെ തർക്കം ഒത്തുതീർപ്പാക്കാനാണ് മാത്യു സ്കറിയാ എത്തിയത്. 

സംസാരത്തിനിടയിൽ സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കത്തിലേക്ക് നീങ്ങി. ഇതിനിടയിലാണ് ജോർജ് കയ്യിൽ കരുതിയ റിവോൾവർ എടുത്ത് രഞ്ജുവിനെ വെടിവെച്ചത്. പിടിച്ചുമാറ്റാൻ എത്തിയ മാത്യുവിന് നേരെയും വെടിയുതിർത്തു. ഇരുവർക്കും തലയ്ക്കാണ് വെടിയേറ്റത്. രഞ്ജു തൽക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിൽ ആയിരുന്ന മാത്യു ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. 

കരുതിക്കൂട്ടി തന്നെയാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നാണ് പൊലീസ് നിഗമനം. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവാണ് ഇയാൾ. വെടിവെച്ച പോയിൻറ് 9എംഎം റിവോൾവറിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.

പൊലീസ് കസ്റ്റഡിയിലുള്ള ജോർജ് കുര്യനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.


Previous Post Next Post