വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് :പരിധി നിശ്ചയിക്കണംജോസ് കെ മാണി






ന്യൂഡല്‍ഹി : അവധികാലങ്ങളില്‍ വിമാനകമ്പനികള്‍ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധനവിന് പരിധി നിശ്ചയിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി രാജ്യസഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രാലയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏപ്രില്‍ മുതലുള്ള അവധികാലങ്ങളില്‍ കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിനേക്കാള്‍ നാലിരട്ടിയിലധികം കൂടുതലാണ്.മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ പ്രവാസിമലയാളികള്‍ ഈ തുക നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു.   കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് മഹാമാരി രൂക്ഷമായി നിന്ന സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും നാട്ടിലെത്തി കുടുംബാംഗങ്ങളെ കാണുവാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള സാഹചര്യത്തില്‍ അമിതമായ വിമാനനിരക്ക് മൂലം പലര്‍ക്കും നാട്ടിലെത്താന്‍ ആഗ്രഹമുണ്ടെങ്കില്‍പ്പോലും എത്താവാനാത്ത സ്ഥിതിതിയിലാണ്. 40 ലക്ഷം മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. വിമാന കമ്പനികളുടെ കൊള്ളയടി ഏറ്റവുമധികം ബാധിക്കുന്നത് മലയാളികളെയാണ്.  

അനിയന്ത്രിതമായ ചാര്‍ജ് വര്‍ധനവിനുള്ള പ്രധാന കാരണം വിമാനകമ്പനികള്‍ തമ്മിലുള്ള ഒത്തുകളിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജോസ് കെ.മാണി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.


Previous Post Next Post