ബസില്‍ വച്ച് തര്‍ക്കം; കെട്ടിയിട്ട് മര്‍ദ്ദിച്ച ജീവനക്കാര്‍ക്കെതിരെയും കുരുമുളക് പൊടി സ്‌പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെയും കേസ്




മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരടക്കം ആറ് പേര്‍ക്കെതിരെ കേസ്. സംഭവത്തില്‍ കുരുമുളക് പൊടി സ്‌പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

 പെരിന്തല്‍മണ്ണയില്‍ വെച്ച് കേസുകള്‍ക്ക് ആസ്പദമായ സംഭവമുണ്ടായത്. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്‌നു മുബാറക്കിനെയാണ് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചതിനു ശേഷം ഇയാളുടെ കൈകള്‍ പിറകിലേക്ക് കെട്ടിയിടുകയും ചെയ്തു. 

കണ്ടക്ടറുമായി വാക്കു തര്‍ക്കമുണ്ടായതോടെ ഹാരിസ് ഇബ്‌നു മുബാറക്ക് കൈയിലുണ്ടായിരുന്ന കുരുമുളക് പൊടി സ്‌പ്രേ ചെയ്‌തെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. മുളകുപൊടി പ്രയോഗത്തില്‍ ബസ് ജീവനക്കാര്‍ക്കും ചില യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. അക്രമാസക്തനായ യുവാവിനെ പൊലീസെത്തുന്നതുവരെ തടഞ്ഞുവക്കാനാണ് കെട്ടിയിട്ടതെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. 

എന്നാല്‍ ബസില്‍ വെച്ച് സ്ത്രീകളെ കണ്ടക്ടര്‍ ശല്യം ചെയ്‌തെന്നും ഇത് ചോദ്യം ചെയ്തതിനാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നുമാണ് ഹാരിസ് ഇബ്‌നു മുബാറക്ക് പറയുന്നത്. സംഭവത്തില്‍ ഇരു കൂട്ടരുടേയും പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് മേലാറ്റൂര്‍ പൊലീസ് അറിയിച്ചു. 

കുരുമുളക് സ്‌പ്രേ അടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് ഹാരിസ് ഇബ്‌നു മുബാറക്കിനെതിരെ കേസെടുത്തിട്ടുള്ളത്. കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന പരാതിയിലാണ് ബസ് ഡ്രൈവറും കണ്ടക്ടറും കണ്ടാലറിയാവുന്ന മറ്റ് ആറ് പേര്‍ക്കെതിരേയും കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. 


Previous Post Next Post