സിൽവർലൈൻ അംഗീകാരത്തിന് തിരക്കിട്ട നീക്കം; പ്രധാനമന്ത്രിയെ ഇന്ന് മുഖ്യമന്ത്രി കാണും





തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിക്കെതിരെ ജനകീയസമരം ശക്തമാകുകയും വിവാദങ്ങളും സംഘർഷങ്ങളും മൂർച്ഛിക്കുകയും ചെയ്യുന്നതിനിടെ, പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. രാവിലെ 11നു ‍ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫിസിലാണു കൂടിക്കാഴ്ച. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു മുൻപിലുള്ള വിശദ പദ്ധതി റിപ്പോർട്ടിന് (ഡിപിആർ) എത്രയും വേഗം അംഗീകാരം ലഭ്യമാക്കണമെന്ന അഭ്യർഥന പ്രധാനമന്ത്രിക്കു മുൻപിൽ വയ്ക്കും. പദ്ധതിക്കെതിരെ ബിജെപിയും സമരരംഗത്തുള്ളതിനാൽ ഇന്നത്തെ കൂടിക്കാഴ്ച രാഷ്ട്രീയമായും ഏറെ നിർണായകമാണ്. ഡൽഹിയിൽ നാളെ ആരംഭിക്കുന്ന സിപിഎം നേതൃയോഗങ്ങൾക്കായി 4 ദിവസം മുഖ്യമന്ത്രി ഡൽഹിയിൽ തങ്ങുന്നുണ്ട്. 
പദ്ധതിയുടെ സാങ്കേതിക, പാരിസ്ഥിതിക വിഷയങ്ങൾ സംബന്ധിച്ചു വ്യക്തത വരാതെ അനുമതി നൽകാനാവില്ലെന്നാണ് ഏറ്റവുമൊടുവിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കിയത്. സിൽവർലൈൻ സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന ആശങ്കകൾ അടിസ്ഥാനമുള്ളതാണെന്നും പദ്ധതിച്ചെലവു സംബന്ധിച്ച കണക്കുകൾ യാഥാർഥ്യത്തിനു നിരക്കുന്നതല്ലെന്നും മന്ത്രി അറിയിച്ചിരുന്നു. സാങ്കേതിക,സാമ്പത്തിക, പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ വ്യക്തമാകാനുണ്ടെന്നായിരുന്നു നിലപാട്. ഈ സാഹചര്യത്തിലാണു പദ്ധതിക്കെതിരെ കേരളത്തിൽ ബിജെപി സമരരംഗത്തിറങ്ങിയത്. 


കേന്ദ്രസർക്കാർ ഉന്നയിച്ച സംശയങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമമാണു 2 ദിവസമായി ഡൽഹിയിൽ തുടരുന്ന കെ–റെയിൽ എംഡി വി.അജിത്കുമാർ നടത്തിയത്. എന്നാൽ, രാഷ്ട്രീയ തീരുമാനം വരാതെ പദ്ധതിക്കു ചലനമുണ്ടാകില്ലെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകിയത്. ഈ സാഹചര്യത്തിലാണു പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നേരിൽ കാണുന്നത്. കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകിയശേഷമാണു പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും സാമൂഹികാഘാത പഠനം ഉൾപ്പെടെയുള്ളവ പൂർത്തിയാകുന്നതോടെ കേന്ദ്രം ഉന്നയിച്ച സംശയങ്ങൾക്കു വ്യക്തത വരുമെന്നും മുഖ്യമന്ത്രി ധരിപ്പിക്കും. കേന്ദ്ര പദ്ധതികളായ ഗെയ്ൽ പൈപ്‌ലൈൻ, ദേശീയപാതാ വികസനം എന്നിവ നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച അനുകൂല നിലപാട് ശ്രദ്ധയിൽപെടുത്തുകയും ചെയ്യും. ‌പ്രധാനമന്ത്രിയിൽനിന്ന് അനുകൂല സൂചന ലഭിച്ചാൽ സമരം മയപ്പെടുമെന്നും പദ്ധതിയുമായി മുന്നോട്ടുപോകാമെന്നുമുള്ള പ്രതീക്ഷയാണു സംസ്ഥാന സർക്കാരിനുള്ളത്. എന്നാൽ, ഇതു ബിജെപി കേരള ഘടകത്തിനു വലിയ തിരിച്ചടിയാകും. 

*തത്സമയം സെക്രട്ടേറിയറ്റ് മാർച്ച്*

സിൽവർലൈൻ അനുമതിക്കായി പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കാണുന്ന അതേസമയം തന്നെ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച് തിരുവനന്തപുരത്തു നടക്കും. രാവിലെ 11നു മേധ പട്കറാണ് ഉദ്ഘാടനം. സിൽവർലൈന് അനുമതി നൽകരുതെന്നാവശ്യപ്പെട്ടു യുഡിഎഫ് എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ ഇന്ന് 10.30ന് ധർണ നടത്തും. സിൽവർ ലൈനെതിരെ കോൺഗ്രസ് സ്വീകരിക്കുന്ന സമരരീതി കെപിസിസി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയുമാണ്. 

കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കൽ; സംഘർഷമില്ല

സമരകേന്ദ്രങ്ങളിൽ ഇന്നലെ കാര്യമായ പൊലീസ് നടപടികളുണ്ടായില്ല. പദ്ധതിയുടെ പേരിൽ വലിയ സംഘർഷങ്ങൾ നടക്കുന്നുവെന്ന പ്രതീതിയുണ്ടാക്കരുതെന്ന നിർദേശം ഇന്നത്തെ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പൊലീസിനു ലഭിച്ചിരുന്നു.
Previous Post Next Post