അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും; വിലക്ക് നീങ്ങുന്നത് രണ്ടു വർഷത്തിന് ശേഷം


ഡൽഹി: രണ്ടു വർഷത്തിന് ശേഷം അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ന് പുനരാരംഭിക്കും. സർവീസുകൾ പുനരാരംഭിക്കുന്നതോടെ തിരുവനന്തപുരത്ത് നിന്നുളള സർവീസുകൾ 540 ആയി ഉയർന്നു. ഉപാധികളോടെ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 23നാണ് കേന്ദ്ര സർക്കാർ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. സർവീസ് നടത്തുന്നതിന് ആരോ​ഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബർ 15ന് വിമാന സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്രം ആലോച്ചിരുന്നു. എന്നാൽ കൊവിഡ‍് മൂന്നാം തരം​ഗവും ഒമിക്രോണും വർധിച്ചു വന്നതോടെ സർവീസ് പുനരാരംഭിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങുകയായിരുന്നു.
വിമാന സർവീസ് നടത്തുന്നതിനായി മുമ്പ് ഏർപ്പെടുത്തിയിരുന്ന എയർ ബബിൾ ക്രമീകരണം റദ്ദാക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു. 2020 ജൂലൈ മുതൽ 37 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും എയർബബിൾ ക്രമീകരണത്തിലൂടെ വിമാന സർവീസ് നടത്തിയിരുന്നു. അന്ന് എയർ ബബിൾ ക്രമീകരണം ഏർപ്പെടുത്തിയത് വിമാനക്കമ്പനികളുടെ ലാഭത്തെ ബാധിച്ചിരുന്നു.
Previous Post Next Post