ഐ.എഫ്.എഫ്.കെ ഉദ്ഘാടനത്തിനിടെ സംഘാടകര്‍ അതിജീവിതയായ നടിയെകൊണ്ട് പീഡനക്കേസ് പ്രതിക്ക് ഷാള്‍ അണിയിപ്പിച്ചു: കെ. സുരേന്ദ്രന്‍







തിരുവനന്തപുരം : നിരവധി സ്ത്രീപീഡന കേസുകളിലെ പ്രതിയെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. ചടങ്ങിനായി സംവിധായകന്‍ അനുരാഗ് കശ്യപിനെ സര്‍ക്കാര്‍ ക്ഷണിച്ചതിനെതിരെയാണ് സുരേന്ദ്രന്‍ പരാമര്‍ശം നടത്തിയത്.

‘ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നാട്ടില്‍ കയറ്റാത്ത അനുരാഗ് കശ്യപിനെ അവര്‍ ഇപ്പോള്‍ കൊച്ചിയില്‍ താമസിപ്പിക്കാന്‍ പോവുകയാണ്. അതിജീവിതയെകൊണ്ട് സംഘാടകര്‍ സ്ത്രീ പീഡനകേസിലെ പ്രതിക്ക് ഷാള്‍ അണിയിപ്പിച്ചു’ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മീടൂവിലും, ബലാത്സംഗ കേസിലും, നികുതിവെട്ടിപ്പ് കേസിലും പ്രതിയായ സംവിധായകന്‍ അനുരാഗ് കശ്യപിനെ സര്‍ക്കാര്‍ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുപ്പിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് മലയാളികളെ മുഴുവന്‍ അപമാനിക്കുകയായിരുന്നു. കശ്യപിനെപ്പോലുള്ള ഒരാള്‍ക്ക് താമസിക്കാന്‍ പറ്റിയ ഇടമാണ് കേരളമെന്ന പ്രസ്താവന പിന്‍വലിക്കാന്‍ രഞ്ജിത് തയ്യാറാകണം’ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

‘അനുരാഗ് കശ്യപ് ഒരു ഇരയാണ്. അദ്ദേഹം ജന്മനാടായ ഉത്തര്‍പ്രദേശിലേക്ക് പോയിട്ട് ആറ് വര്‍ഷമായി. അദ്ദേഹം കൊച്ചിയില്‍ വീടുവെക്കാന്‍ ആലോചിക്കുകയാണ്’ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറഞ്ഞിരുന്നു.


Previous Post Next Post