സംസ്ഥാന ബജറ്റ് ഇന്ന് ; നികുതി വർധനയ്ക്ക് സാധ്യത





തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം തുടങ്ങും.

കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള സംസ്ഥാനത്തിന്റെ ദിശാസൂചികയാകും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ്. ആരോഗ്യ മേഖലക്ക് നല്‍കുന്ന പ്രത്യേക പരിഗണനക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റില്‍ പ്രത്യേക ഊന്നലുണ്ടാകും. കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ബജറ്റാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

നികുതി പരിഷ്കാരമായിരിക്കും ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം. ഭൂനികുതി, മദ്യ നികുതി എന്നിവയില്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിര്‍ദേശം സാമ്ബത്തിക വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. നികുതി ചോര്‍ച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനുമുള്ള പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കും.

ടൂറിസം, വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. സില്‍വര്‍ ലൈന്‍ പോലുള്ള പിണറായി സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ മുന്നോട്ടു പോക്കിനെ സംബന്ധിച്ചും ബജറ്റില്‍ പ്രധാന നിര്‍ദേശങ്ങളുണ്ടാകും.


Previous Post Next Post