പാരച്യൂട്ടുകളില്‍ നഗരത്തിലിറങ്ങി റഷ്യൻ സൈന്യം; ഹർകീവിൽ വീണ്ടും ആക്രമണം





ഹർകീവ് :യുക്രെയ്ൻ അധിനിവേശം തുടരുന്ന റഷ്യ, നഗരങ്ങളിൽ ആക്രമണം ശക്തമാക്കി. യുക്രെയ്നിലെ പ്രധാന നഗരമായ ഹര്‍കീവില്‍ വീണ്ടും റഷ്യൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടായെന്നാണു റിപ്പോർട്ട്.

സൈനിക ആശുപത്രിക്ക് നേരെയായിരുന്നു ആക്രമണം. പാരച്യൂട്ടുകളില്‍ റഷ്യന്‍ സൈന്യം നഗരത്തിലിറങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഖേഴ്സന്‍ നഗരത്തിലെ റെയില്‍വേ സ്റ്റേഷനും തുറമുഖവും നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്.

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കഴിഞ്ഞ ദിവസം ടെലിവിഷന്‍ ടവര്‍ റഷ്യ തകർത്തിരുന്നു. തുടർച്ചയായുള്ള സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ യുക്രെയ്നിലെ ടിവി ചാനലുകളുടെ സംപ്രേഷണം മുടങ്ങി. റഷ്യയുടെ ആക്രമണങ്ങൾക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയിൽ യുക്രെയ്ൻ പരാതി നൽകി.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൌത്യമായ ഓപ്പറേഷൻ ഗംഗ അതിവേഗം പുരോഗമിക്കുന്നു. ഇന്നലെ രാവിലെ മുതൽ ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 1377 ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും പുറത്ത് എത്തിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. 

അടുത്ത മൂന്ന് ദിവസത്തിൽ 26 വിമാനങ്ങൾകൂടി ഹംഗറി, പോളണ്ട്, റൊമാനിയ , സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനായി പോകുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റൊമാനിയയിൽ എത്തിയിട്ടുണ്ട്. 


Previous Post Next Post