സിപിഐയ്ക്ക് സീറ്റ് നല്‍കാന്‍ പിണറായിയുടെ നിര്‍ദേശം; രാജ്യസഭയിലേക്ക് സിപിഎമ്മും സിപിഐയും മത്സരിക്കും




 
തിരുവനന്തപുരം: കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളില്‍ എല്‍ഡിഎഫില്‍ നിന്ന് സിപിഎമ്മും സിപിഐയും മത്സരിക്കും. ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം. എല്‍ജെഡിയും ജെഡിഎസും എന്‍സിപിയും സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുകയായിരുന്നു. സിപിഎമ്മും സിപിഐയും ഓരോ സീറ്റുകളില്‍ മത്സരിക്കും. 

മൂന്നു സീറ്റുകളാണ് ഒഴിവു വന്നിരിക്കുന്നത്. ഇതില്‍ രണ്ട് സീറ്റുകളിലാണ് എല്‍ഡിഎഫിന് വിജയിക്കാനുള്ള ഭൂരിപക്ഷമുള്ളത്. ദേശീയ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഇടത് സ്വഭാവമുള്ള പാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്ക് പോകട്ടേയെന്നാണ് പിണറായി നിലപാടെടുത്തത്. 2012ന് ശേഷമാണ് സിപിഐയ്ക്ക് കേരളത്തില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ രാജ്യസഭയിലെത്തുന്നത്. 

കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം വി ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് തീരുക.

ശ്രേയാംസ് കുമാറിന്റെ സീറ്റ് തങ്ങള്‍ക്ക് തന്നെ നല്‍കണമെന്ന് എല്‍ജെഡി ആവശ്യപ്പെട്ടിരുന്നു. സീറ്റിന് അവകാശവാദവുമായി സിപിഐയും രംഗത്തെത്തിയതോടെ, മുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ പങ്കിട്ടെടുത്താല്‍ മതിയെന്ന ധാരണയില്‍ എത്തുകയായിരുന്നു. 


Previous Post Next Post