സോണിയ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും; പ്രിയങ്കയും രാജിക്ക്



സോണിയ ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. നാളത്തെ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം അറിയിച്ചേക്കുമെന്ന് സൂചന. പ്രിയങ്ക ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും.

അതേസമയം, അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലെ തോൽവി ചർച്ച ചെയ്യാനുള്ള കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം നാളെ. വൈകിട്ട് 4 മണിക്ക് എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. നേതൃമാറ്റം ആവശ്യം തിരുത്തൽ വാദി നേതാക്കൾ യോഗത്തിൽ ഉന്നയിച്ചേക്കും. അതേസമയം യുപി യിൽ 97 ശതമാനം കോൺഗ്രസ്‌ സ്ഥാനാർഥികൾക്കും കെട്ടിവെച്ച പണം നഷ്ടമായി.
പഞ്ചാബ് അടക്കം അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോൽ‌വിയിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് നാളത്തെ നിർണായകമായ പ്രവർത്തക സമിതി യോഗം. തോൽവിയോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട അണികൾക്ക് കൃത്യമായ മറുപടി നൽകുകയാണ് പാർട്ടിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട തിരുത്തൽ വാദി നേതാക്കൾ യോഗത്തിൽ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കും. പഞ്ചാബിലെ തോൽവി അടക്കം ചൂണ്ടിക്കാട്ടി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും നിലപാട് കടുപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.
ഗുലാം നബി ആസാദും, ആനന്ദ് ശർമ്മയുമാണ് പ്രവർത്തക സമിതിയിൽ ജി 23 നേതാക്കളെ പ്രതിനിധീകരിക്കുന്നത്. തോൽവിയുടെ കാരണങ്ങൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ വിശദീകരിക്കും. സംഘടന തിരഞ്ഞെടുപ്പ് സമയക്രമം നേരത്തെ നിശ്ചയിച്ചതാണെങ്കിലും വിമർശനകളുടെ പശ്ചാത്തലത്തിൽ സെപ്തംബറിൽ തീരുമാനിച്ച തിരഞ്ഞെടുപ്പ് നേരത്തെ ആക്കിയേക്കും.അതേസമയം യുപിയിൽ മത്സരിച്ച 399 കോൺഗ്രസ്‌ സ്ഥാനാർഥികളിൽ 387 പേർക്കും കെട്ടിവെച്ച  പണം നഷ്ടമായി. സീറ്റുകളുടെ എണ്ണത്തിൽ മാത്രമല്ല വോട്ടു വിഹിതത്തിലും ദയനീയമാണ് കോൺഗ്രസ്‌ പ്രകടനം.
Previous Post Next Post