കേരളത്തിൽ ഒന്നിനും പൂർണ്ണതയില്ല... ഉത്തരവാദിത്വവും... ഒരു കുറിപ്പ്





കേ
രളത്തിൽ ഒന്നിനും പൂർണ്ണതയില്ല... ഉത്തരവാദിത്വവും. ഒരു സമ്പൂർണ്ണ ബജറ്റ് കൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന സന്ദർഭത്തിൽ സാധാരണ മലയാളിയുടെ മനസ്സിൽ ഉയരുന്ന ചില ചോദ്യങ്ങളാണ് ഈ കുറിപ്പിലുള്ളത്....

നമ്മൾ നിരവധി പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്. പക്ഷേ, പൂർണതയിൽ എത്തുന്നത് നാമമാത്രമാണ്.
ഇത് കേരളത്തിൽ മാത്രം നടക്കുന്ന സംഭവമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?

നമുക്ക് ചുറ്റുമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കപ്പെടുന്ന കർമ്മപദ്ധതികൾ കണ്ട് പഠിക്കേണ്ടതാണ്.
വികസന പദ്ധതികൾ നടപ്പാക്കുവാനുള്ള ആർജ്ജവം പ്രകടിപ്പിക്കുന്നതിന് പകരം അനാവശ്യമായ രാഷ്ട്രീയ ചർച്ചകളിലേക്ക് ഈ വിഷയം എത്തിക്കുന്നതിലാണ് നമുക്ക് താത്പര്യം.

തുടർച്ചയില്ലാത്ത പദ്ധതി ആവിഷ്കരണം കേരളത്തിലേപോലെ മറ്റൊരിടത്തും കാണാൻ കഴിയില്ല.
എന്തുകൊണ്ടാണ് ഈ നിലയിൽ കേരളം പോകുന്നത്. കാരണം മറ്റൊന്നല്ല, ഉത്തരവാദിത്തമില്ലായ്മ തന്നെ.

ഇവിടെ നമ്മൾ ഒരുജോലിയും പൂർണ്ണമായി പൂർത്തിയാക്കാറില്ല. എന്തെങ്കിലും ചെയ്തെന്ന് വരുത്തി എന്റെ കടമ പൂർത്തിയായി എന്ന് എല്ലാവരും അവകാശപ്പെടും. അങ്ങനെയാണ് നടന്നുവരുന്നത്.

 ഓരോരുത്തരും പല പദ്ധതികളുമായി വരും. അതിനെല്ലാം ഓരോ ലക്ഷ്യങ്ങളും ഉണ്ടാകാം. അവർക്കുവേണ്ട കാരൃം കഴിഞ്ഞാൽ മറ്റുള്ളവരുടെ കാരൃം ശ്രദ്ധിക്കാറില്ല. 

സംസ്ഥാനത്ത് രാത്രിയിൽ ധാരാളം അപകടം നടക്കാറുണ്ട് . പകലും വെളിച്ചത്തിന്റെ കുറവുകൊണ്ട് ഇതുപോലെ നടക്കാം. അപകടം നടന്നശേഷം അതിനെ കുറ്റപ്പെടുത്തിയിട്ടു കാരൃമില്ല. അപകടം സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ ആണ് ആദ്യം ഉണ്ടാകേണ്ടത്. 

ഇവിടെ രാത്രി യാത്രക്കാർക്കും നോട്ടക്കുറവുള്ളിടത്തും അപകടമേഖലകളിലും വേണ്ട സുരക്ഷാ ഭിത്തികളൊ റിഫ്ലക്ടറോ കൃത്യതയോടെ സ്ഥാപിച്ചിരിക്കുന്നത് കാണാനില്ല. 

 കേരളത്തിന്റെ വടക്ക് ഭാഗത്ത് നടന്ന ഒരു സംഭവം ഉദാഹരണമായി പറയാം. 
 കണ്ണൂർ തോട്ടടയിൽ ഒരു വാഹനത്തിന് സാരമായപരിക്കുകൾ സംഭവിച്ചു. ഭാഗൃവശാൽ വലിയ നാശനഷ്ടം ഉണ്ടായില്ല. എന്തുകൊണ്ടുണ്ടായി?..
ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന, പ്രതിഷേധം ഉയരുന്ന കെ- റെയിലിനുവേണ്ടി കുറ്റി നാട്ടിയിട്ടു പോയി. ഇത് ഇട്ടതാകട്ടെ റോഡരുകിൽ. തീർത്തും അശ്രദ്ധമായി സ്ഥാപിച്ച ഈ അടയാള കുറ്റി സൃഷ്ടിച്ചേക്കാവുന്ന അപകടത്തെക്കുറിച്ച് ഒരു മുൻകരുതൽ അവിടെയില്ല.  ചെറിയ ഉയരത്തിലുള്ള കുറ്റി വാഹനം ഓടിച്ചുവരുന്ന ഒരാൾക്ക്  കാണാൻ കഴിയില്ല. അപകടം ഉറപ്പാണ്. ഇവിടെ സുരക്ഷ നൽകേണ്ടത് ആരുടെ ചുമതലയാണ്?. ഇത്തരമൊരു കുറ്റിയിൽ ഇടിച്ചാണ് കഴിഞ്ഞ ദിവസം ഒരു കാറിന്റെ മുൻവശം തകർന്നത്.
ഇതുപോലെ അപകടക്കെണി ഒരുക്കുന്ന ധാരാളം കാര്യങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. ചെറിയ ഒരു ശ്രദ്ധയിൽ വലിയ ഒരപകടം ഒഴിവാക്കാം.
അതുപോലെ വഴിയോരങ്ങളിലെ സ്ഥലനാമം രേഖപ്പെടുത്തിയ ദിശാ ബോർഡുകൾ. കോടികൾ ചെലവിട്ട് സ്ഥാപിച്ചിട്ടുള്ള ഇത്തരം ബോർഡുകൾ മിക്കയിടങ്ങളിലും ഉപയോഗശൂന്യമാണ്. കാട്ടുവള്ളികൾ കയറിയും പായൽ പിടിച്ചും എഴുത്ത് വായിക്കാൻ കഴിയാത്ത നിലയിൽ. ചിലതിൽ അക്ഷരങ്ങൾ തന്നെ മാഞ്ഞുപോയിട്ടുണ്ടാകും. ഒരു യാത്രികന് ഇത് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എത്രമാത്രമാണ്.. ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

മറ്റൊന്ന് വികസന പദ്ധതികൾ ആണ്. പലതും അതിന്റെ ഗുണഫലം അനുഭവിക്കേണ്ടവർക്ക് ഉപകരിക്കും വിധത്തിൽ ആയിരിക്കില്ല. എങ്ങനെയെങ്കിലും പൂർത്തിയാക്കി സോഷ്യൽ മീഡിയകളിലും മറ്റുമായി അവകാശവാദം ഉറപ്പിക്കുക മാത്രം. ഇവിടെ പോരായ്മകളും അപാകതകളും ചൂണ്ടിക്കാട്ടാൻ ജനങ്ങൾക്ക് വേദിയില്ല എന്നത് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകൾക്ക് സഹായകമാകുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ അവർക്ക് ഗുണപ്രദം ആകുന്നുണ്ടോ എന്ന നിരീക്ഷണം ഉണ്ടായാൽ തന്നെ കേരളം മുന്നോട്ട് കുതിക്കും...

ഓരോ ബജറ്റ് കഴിയുമ്പോഴും മലയാളി അമിതമായി ഒന്നും ആഗ്രഹിക്കുന്നില്ല. ശരാശരി സൗകര്യങ്ങളും കരുതലും മാത്രം... ഒറ്റനോട്ടത്തിൽ നിസാരമായി തോന്നാമെങ്കിലും നമ്മുടെ കെടുകാര്യസ്ഥതയും ജാഗ്രത കുറവുമാണ് പ്രകടമാകുന്നത്. ഇതിനൊരു മാറ്റം എന്നുണ്ടാകുമെന്ന ചോദ്യം മാത്രമാണ് സാധാരണ പൗരൻമാരിൽ നിന്നും ഉയരുന്നത്.


أحدث أقدم