കോഴിക്കോട്ട് വ്യാപാരികളും സമരക്കാരും തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് മര്‍ദനമേറ്റു





കോഴിക്കോട്: അരിക്കോട്ട് പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ സമരക്കാര്‍ അടപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ട് വ്യാപാരികള്‍ക്ക് മര്‍ദനമേറ്റു.

നേതാക്കള്‍ പറയുന്നത് പ്രവര്‍ത്തകര്‍ കേള്‍ക്കുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന പ്രതിഷേധം പ്രകടിപ്പിച്ച വ്യാപാരികളെ നീക്കാനുള്ള ശ്രമത്തിനിടെ പോലീസുമായി ഇവര്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് ഫറോക് എസിപിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

കൊല്ലത്ത് യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് സമരക്കാര്‍ തടഞ്ഞു. യാത്രക്കാരെ ബസില്‍ നിന്നും ഇറക്കി വിട്ട സമരക്കാര്‍ വാഹനത്തില്‍ കൊടി നാട്ടി. അതേസമയം, ഇതുവഴി ഓട്ടോ റിക്ഷയില്‍ വന്ന എന്‍ജിഒ സംഘടനയിലെ അംഗങ്ങളെ കടത്തിവിടുകയും ചെയ്തു. കളക്ടേറ്റിലേക്ക് പോകുകയായിരുന്നു ഇവര്‍. പണിമുടക്കിന്റെ ആദ്യദിനമായ തിങ്കളാഴ്ച നിരത്തിലൂടെ ഓടിയ തടഞ്ഞ സമരക്കാര്‍ വാഹനത്തിന്റെ കാറ്റ് ഊരി വിട്ടിരുന്നു.

തൃശൂരില്‍ സിപിഎം ഭരിക്കുന്ന തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പണിമുടക്ക് ദിനം തുറന്നതു വിവാദമായി. ഇന്നു രാവിലെ ബാങ്കിനുള്ളില്‍ ആളുകളുണ്ടായിരുന്നുവെങ്കിലും ഷട്ടര്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ചോദിച്ചപ്പോള്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ എത്തിയവരാണ് ഉള്ളിലുള്ളതെന്നായിരുന്നു മറുപടി.


Previous Post Next Post