ഇ.പി.എഫ് പലിശകുറയ്ക്കല്‍ തൊഴിലാളിവിരുദ്ധം: കെ.എന്‍.ഇ.എഫ്







തിരുവനന്തപുരം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ കുറയ്ക്കാനുള്ള ഇ.പി.എഫ് ട്രസ്റ്റ് ബോര്‍ഡ് തീരുമാനം തൊഴിലാളിവരുദ്ധമെന്ന് കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി. 

തൊഴിലാളി ക്ഷേമമെന്ന് പറയുകയും തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുകയും ചെയ്യുന്ന ഇ.പി.എഫ് ബോര്‍ഡിന്റെ നിലപാടുകള്‍ അംഗീകരിക്കാനാവില്ല. 
നിശ്ചിത തുകയ്ക്കുമുകളില്‍ പി.എഫ് തുക പിന്‍വലിക്കുമ്പോള്‍ ബാങ്ക് പലിശ ഈടാക്കുന്നുണ്ട്. അങ്ങനെയും തൊഴിലാളികള്‍ക്ക് നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നു. കോര്‍പ്പറേറ്റുകളോട് ഉദാരസമീപനവും തൊഴിലാളികളോട് വിരുദ്ധസമീപനവും സ്വീകരിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

15000 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള അവകാശം ഇ.പി.എഫിന്റെ സോഫ്റ്റവെയറിലൂടെ നീക്കം ചെയ്തത് തുച്ഛമായ പെന്‍ഷന്‍ പോലും ലഭിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ്. വര്‍ഷങ്ങളോളം ജോലി ചെയ്തു വിരമിച്ചു കഴിയുമ്പോള്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതാവുകയാണ്. കോടിക്കണക്കിനു രൂപ ഇ.പി.എഫ് അക്കൗണ്ടില്‍ കെട്ടിക്കിടക്കുമ്പോഴാണ് പെന്‍ഷന്‍ അംഗത്വം പോലും നിഷേധിക്കുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിക്കെതിരായ നയമാണ് ഇപ്പോള്‍ ഇ.പി.എഫ് ട്രസ്റ്റ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. 
ഇ.പി.എഫ് ട്രസ്റ്റ് ബോര്‍ഡിന്റെ ഇത്തരം തെറ്റായ തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കരുതെന്നും ഇ.പി.എഫ് നയങ്ങള്‍ തൊഴിലാളി ക്ഷേമത്തിനുതകുന്ന രീതിയിലാക്കണമെന്നും കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോണ്‍സണും സംസ്ഥാന സെക്രട്ടറി ജയിസണ്‍ മാത്യുവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Previous Post Next Post