എംജി സർവകലാശാല ജീവനക്കാരി സി.ജെ.എൽസി കൂടുതൽ പേരിൽ നിന്ന് കൈക്കൂലി വാങ്ങി;തെളിവുകൾ വിജിലൻസിന്



കോട്ടയം: എംജി സർവകലാശാലയിലെ കൈക്കൂലി കേസിൽപിടിയിലായ എം ബി എ വിഭാഗം അസിസ്റ്റന്‍റ്, സി.ജെ.എൽസി മറ്റ് നാല് കുട്ടികളിൽ നിന്ന് കൂടി പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തൽ.ഇവരെ ചോദ്യം ചെയ്യാനാണ് വിജിലൻസ് നീക്കം.

എൽസിയുടെ അക്കൗണ്ട് വിവരങ്ങളിൽ നിന്നാണ് വിജിലൻസിന് നിർണായക തെളിവ് കിട്ടിയത്. നാല് വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളായാണ് എൽസിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്.
2010-2014 ബാച്ചിലെ വിദ്യാർത്ഥികളാണിവർ. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ നോട്ടമിട്ടായിരുന്നു എൽസിയുടെ നീക്കങ്ങൾ.

സാമ്പത്തിക ചുറ്റുപാട് മനസിലാക്കി നിരന്തമുള്ള ഫോൺ സംഭാഷണങ്ങളിലൂടെ പണമിടപാടിലേക്ക് എത്തുകയായിരുന്നു. മെഴ്സി ചാൻസിൽ ജയിപ്പിച്ചു തരാമെന്നായിരുന്നു എൽസിയുടെ വാഗ്ദാനം. എൽസിയുടേയും പണം നൽകിയ വിദ്യാർത്ഥികളുടേയും ഫോൺ സംഭാഷണത്തിന്‍റെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു.
ഈ വിദ്യാർത്ഥികളിൽ രണ്ട് പേരുടെ മാർക്ക് ലിസ്റ്റ് എൽസിയുടെ കംപ്യൂട്ടർ ലോഗ് ഇന്നിൽ നിന്ന് തിരുത്തിയതായി സർവകലാശാല അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാൽ മാർക്ക് ലിസ്റ്റ് തിരുത്താൻ ആർക്കും പണം നൽകിയിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.
എൽസിയുടെ രോഗ വിവരം അറിഞ്ഞപ്പോൾ സാന്പത്തിക സഹായം നൽകിയതാണെന്നും ചില വിദ്യാർത്ഥികൾ പറയുന്നു. എൽസിയെ അറിയില്ലെന്നാണ് മറ്റുള്ളവരുടെ നിലപാട്. കർശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ എൽസിയേയും വിദ്യാർത്ഥികളേയും വിശദമായി ചോദ്യം ചെയ്യാൻ തന്നെയാണ് വിജിലൻസ് തീരുമാനം.

എംബിഎ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് പണം വാങ്ങുന്നതിനിടെ ജനുവരി 28നാണ് എൽസിയെ സർവകലാശാലയിൽ നിന്ന് വിജിലൻസ് പിടികൂടിയത്. പത്തനംതിട്ട സ്വദേശിയിൽ നിന്നാണ് എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിലെ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസ് നാടകീയമായി എൽസിയെ പിടികൂടിയത്. വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കെണി ഒരുക്കിയത്.
Previous Post Next Post