വർക്കലയിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് റിമോട്ട് കൺട്രോൾ ഗേറ്റും വളർത്തു നായയും





തിരുവനന്തപുരം : വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കൺട്രോൾ ഗേറ്റും വളർത്തുനായയുമെന്ന് റിപ്പോർട്ട്.

വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട അയൽവാസികൾ ഓടിക്കൂടിയെങ്കിലും റിമോട്ട് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഗേറ്റ് ആയതിനാൽ തുറക്കാൻ കഴിഞ്ഞില്ല. ഇതിന് പുറമെ പുറത്ത് വർത്തുനായ കൂടി ഉണ്ടായിരുന്നതിനാൽ മതിൽ ചാടിക്കടന്നുള്ള പ്രവർത്തനവും ദ്രുതഗതിയിൽ നടന്നില്ലെന്ന് വർക്കല എംഎൽഎ വി. ജോയി അറിയിച്ചു.
നാട്ടുകാർ വിവരം അറിയിച്ചത് പ്രകാരം എത്തിയ പോലീസും ഫയർഫോഴ്സും ചേർന്ന് ഗേറ്റ് തകർത്താണ് അകത്തു കടന്നതെന്നും എംഎൽഎ കൂട്ടിചേർത്തു. ഇതിനോടൊപ്പം പുറത്ത് നിന്നും കഴിയുന്നിടത്തേക്കെല്ലാം അയൽവാസികൾ വെള്ളം ഒഴിച്ചിട്ടുണ്ട്. സംഭവം നിർഭാഗ്യകരമാണെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ പറഞ്ഞു. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും വീട് മുഴുവൻ തീ പടർന്നിരുന്നു. തീപിടിത്തതിന്റെ കാരണം എന്തെന്ന് കണ്ടുപിടിക്കാൻ അന്വേഷണം നടക്കുകയാണ്. പോലീസ് തെളിവുകൾ പരിശോധിക്കുന്നുവെന്നും കളക്ടർ അറിയിച്ചു.

പുലർച്ചെ 1.45നാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. ഗൃഹനാഥൻ പ്രതാപൻ, ഭാര്യ ഷേർലി, മകൻ അഖിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ എട്ട് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. മുറികൾക്കുള്ളിലെ എസികളും പുറത്തുവെച്ച വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. ചെറുവന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്.



Previous Post Next Post