സഹകര ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചു; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു..


തൃശ്ശൂര്‍: ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍  നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറായ വിജയൻ ഏറെ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
മൂത്ത മകന്‍റെ വിവാഹാവശ്യത്തിനായി എട്ട് വര്‍ഷം മുമ്പാണ് വിജയൻ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം മൂലം ജോലിക്ക് പോകാൻ കഴിയാതായി. സാമ്പത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടവ് മുടങ്ങി.
ഇതോടെ പലിശ സഹിതം എട്ടര ലക്ഷമായി കുടിശ്ശിക. കൊവിഡ് കാരണം ഓട്ടോറിക്ഷക്ക് ഓട്ടം കുറഞ്ഞതോടെ വീട്ടില്‍ നിത്യ ചെലവിനു പോലും പണം തികയാതായി. ബില്ലടക്കാത്തതിനാല്‍ വൈദ്യതി ബന്ധവും വിച്ഛേദിച്ചു. ഇതിനിടെയാണ് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നത്.



ഈ മാസം 25 നകം പണം തിരിച്ചടക്കണമെന്നായിരുന്നു നിര്‍ദേശം. വീടിന് പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കി വിജയൻ ജീവനൊടുക്കി.
ബാക്കിയായ വായ്പ കുടിശിക എങ്ങനെ അടച്ചുതീര്‍ക്കുമെന്ന് ഈ കുടുംബത്തിന് അറിയില്ല. അതേസമയം മാര്‍ച്ച് 31നകം വായ്പ തിരിച്ചടച്ചാല്‍ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ 1200 ഓളം പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
Previous Post Next Post