യു.പി യിൽഹോളിദിനത്തിൽ ഏഴുവയസ്സുകാരിയെ നരബലിയ്ക്കായി തട്ടിയെടുത്തു; രണ്ടുപേർ പിടിയിൽ



ലക്‌നൗ : ഉത്തർപ്രദേശിലെ നോയിഡയിൽ ഏഴുവയസ്സുകാരിയെ ഹോളിദിനത്തിൽ നരബലിയ്ക്കായി തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. പ്രതികളിലൊരാൾ കുട്ടിയുടെ അയൽവാസിയാണ്. കുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ഛിജാർസി ഗ്രാമത്തിൽപെട്ട പെൺകുട്ടിയെ മാർച്ച് 13മുതൽ കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കുറിച്ചു സൂചന ലഭിച്ചതെന്നു സെൻട്രൽ നോയിഡ ഡപ്യൂട്ടി പൊലീസ് കമ്മിഷ്‌ണർ ഹരിഷ് ചന്ദർ പറഞ്ഞു. ബാഗപത് ജില്ലയിൽ പ്രതി സോനുവിന്റെ സഹോദരിയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ഹോളി ദിനത്തിൽ ഇവിടെ വച്ച് കുട്ടിയെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ പദ്ധതി. സോനു ബാൽമികി, കൂട്ടാളി നീതു എന്നിവരാണ് പിടിയിലായത്.
പെൺകുട്ടിയുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന സോനു ബാൽമികി വിവാഹം നടക്കാത്തതിനാൽ അതീവ ദുഃഖിതനായിരുന്നുവെന്നും ഇതിനു പരിഹാരം കാണാനായി മന്ത്രവാദിയായ സതേന്ദ്രയെ സമീപിച്ചപ്പോൾ ഹോളി ദിനത്തിൽ നരബലി നടത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.
ഹോളി ദിനത്തിൽ നരബലി നടത്താൻ സാധിച്ചാൽ വിവാഹിതനാകാൻ സാധിക്കുമെന്നാണു വിശ്വസിച്ചിരുന്നതെന്നും സോനു ബാൽമികി പൊലീസിനോടു പറഞ്ഞു. മന്ത്രവാദി സതേന്ദ്ര ഉൾപ്പെടെയുള്ള മൂന്നു പേർ ഒളിവിലാണ്.
കുട്ടിയെ കാണാതായതിനു തൊട്ടുപിന്നാലെ സെക്ടർ 63 പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഛിജാർസിയിലെ നാട്ടുകാർ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നു പൊലീസിനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ച നാട്ടുകാർക്ക് 50,000 രൂപ പ്രതിഫലമായി നൽകുമെന്നു പൊലീസ് കമ്മിഷണർ അലോക് സിങ് അറിയിച്ചു.
Previous Post Next Post