സത്യപ്രതിജ്ഞ ഭഗത് സിങ്ങിന്റെ ജന്‍മഗ്രാമത്തില്‍; സര്‍ക്കാര്‍ ഓഫീസുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കരുത്: ഭഗവന്ത് മാന്‍




സംഗ്രൂർ :   ഭഗത് സിങ്ങിന്റെ ജന്മ ഗ്രാമമായ ഘട്ഘട് കലാമില്‍ വെച്ചായിരിക്കും തന്റെ സത്യപ്രതിജ്ഞയെന്ന് എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഭഗവന്ത് മാന്‍. രാജ്ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം, സംഗ്രൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാര്‍ ഓഫീസുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കില്ല. ഭഗത് സിങ്ങിന്റെയും അംബ്ദേകറിന്റെയും ചിത്രം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസിനെ തച്ചു തകര്‍ത്താണ് എഎപി പഞ്ചാബില്‍ അധികാരം നേടിയത്. 91 സീറ്റാണ് എഎപി നേടിയത്. കോണ്‍ഗ്രസ് 17 സീറ്റില്‍ ഒതുങ്ങി. എസ്എഡി ആറ് സീറ്റും ബിജെപി-അമരീന്ദര്‍ സിങ് സഖ്യം രണ്ട് സീറ്റും നേടി. 

മുഖ്യമന്ത്രി ചരണ്‍ ജിത് ഛന്നി രണ്ട് സീറ്റിലും തോറ്റു. പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവും തോറ്റു. കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം പോയ അമരീന്ദര്‍ സിങ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


Previous Post Next Post