തിരുവനന്തപുരം : സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ കൂടും. പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.
ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് 90 പൈസ എന്നത് ഒരു രൂപയായി വർധിക്കും.
ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും.
ടാക്സിയുടെ മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും.
സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയായും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
എക്സ്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ ഡീലക്സ് / സെമീ സ്ലീപ്പര്‍ സര്‍വീസുകൾ, ലക്ഷ്വറി / ഹൈടെക് ആൻഡ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്സില്‍ സര്‍വീസുകൾ, മള്‍ട്ടി ആക്സില്‍ സര്‍വീസുകൾ, ലോ ഫ്ളോര്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.
ലോ ഫ്ളോര്‍ നോണ്‍ എയര്‍ കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. എസി സ്ലീപ്പര്‍ സര്‍വീസുകള്‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു.
ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാര്‍ജ്ജ് 30 രൂപ (1.5 കിലോമീറ്റര്‍ വരെ) മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കില്‍ (ഓരോ നൂറു മീറ്ററിനും 1.50 രൂപ) ഈടാക്കാവുന്നതാണ്.
ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സിസിക്കു താഴെയുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍ക്യാബുകള്‍ ഉള്‍പ്പെടെ) മിനിമം ചാര്‍ജ്ജ് 200 രൂപ (അഞ്ച് കിലോമീറ്റര്‍ വരെ). മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 18 രൂപ നിരക്കില്‍ ഈടാക്കാം.
ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സിസിക്കു മുകളിലുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍ക്യാബുകള്‍ ഉള്‍പ്പെടെ) മിനിമം ചാര്‍ജ് 225 രൂപയാണ് (അഞ്ച് കിലോമീറ്റര്‍ വരെ). മിനിമം ചാര്‍ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 20 രൂപ നിരക്കില്‍ വർധിക്കും.