പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ; ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്‌



പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ നിന്ന്/ ടെലിവിഷന്‍ ദൃശ്യം

 

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യയാണ് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയത്. 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ റെസ്‌ക്യൂ ആന്റ് റിലീഫ് പദ്ധതിയുടെ സംസ്ഥാനതല പരിപാടിയില്‍ പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. 

പരിശീലനത്തിന് അനുമതി നല്‍കിയ റീജണല്‍ ഫയര്‍ ഓഫീസര്‍, നേതൃത്വം നല്‍കിയ ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ മൂന്ന് ഫയര്‍മാന്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയത്.

 ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം 30 ന് ആലുവ പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ വെച്ചാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്.

പരിപാടിക്ക് എത്തിയവര്‍ക്ക് ആലുവ ഫയര്‍ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ പരിശീലനം നല്‍കിയെന്നാണ് ആരോപണം. തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതായി ബിജെപി ആരോപിച്ചിരുന്നു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ ഫയര്‍ഫോഴ്‌സ് എറണാകുളം റീജിയണല്‍ ഓഫീസില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അവിടെ നിന്നും നിര്‍ദേശിച്ചത് അനുസരിച്ചാണ് തങ്ങള്‍ പോയതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. 

Previous Post Next Post