ഓട് പൊളിച്ച്, തോട്ടികൊണ്ടു ബാ​​ഗെടുത്ത് അരലക്ഷം രൂപ 'അടിച്ചുമാറ്റി'- ഭർത്താവിൽ നിന്ന് പണം ഒളിക്കാൻ ഇല്ലാത്ത മോഷണ പരാതി; ഒടുവിൽ...




 
കൊല്ലം: ഭർത്താവിൽ നിന്നു പണം ഒളിപ്പിക്കാൻ വ്യാജ മോഷണ പരാതിയുമായി എത്തിയ വീട്ടമ്മ ഒരു രാത്രിയും പകലും പൊലീസിനെ വട്ടം ചുറ്റിച്ചു! കള്ളനെ തേടി ഒരു ദിവസം മുഴുവൻ അലഞ്ഞ പൊലീസിനു മുന്നിൽ ഒടുവിൽ വീട്ടമ്മ തന്നെ കുറ്റം ഏറ്റുപറഞ്ഞു. വീട്ടമ്മയുടെ ഉദ്ദേശം നല്ലതായതിനാൽ കേസെടുക്കാതെ പൊലീസ് വിഷയം അവസാനിപ്പിച്ചു. പത്തനാപുരത്തിന് സമീപം പട്ടാഴി തെക്കേത്തേരിയിലാണ് ഒരു രാത്രിയും പകലും പൊലീസിനെ കുഴക്കിയ സംഭവം ഉണ്ടായത്.

കഴിഞ്ഞ രാത്രി 1.30നാണ് കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് വീട്ടമ്മയുടെ ഫോൺ എത്തിയത്. വീടിനുള്ളിൽ ബാഗിൽ സൂക്ഷിച്ച 50,000 രൂപ മോഷ്ടാവ് അപഹരിച്ചെന്നായിരുന്നു വിവരം. ഉടൻ പൊലീസ് സ്ഥലത്തെത്തി. പരിശോധന തുടങ്ങി. മേൽക്കൂരയിലെ ഒരു ഓടു മാത്രം പൊളിച്ച മോഷ്ടാവ് തോട്ടി ഉപയോഗിച്ചു മുറിയിൽ കസേരയിൽ വച്ചിരുന്ന ബാഗ് ഉയർത്തിയെടുത്ത് പണം അപഹരിച്ചെന്നായിരുന്നു മൊഴി.

പൊളിച്ച ഓടിന് നേരെ താഴെയുള്ള കസേരയിൽ തന്നെയായിരുന്നു പണം അടങ്ങിയ ബാഗെന്നും ഒച്ച കേട്ട് ഉണർന്ന് കതക് തുറന്നപ്പോഴേക്കും മോഷ്ടാവ് ഓടിപ്പോയെന്നുമുള്ള മൊഴിയിൽ പൊലീസിനു സംശയം തോന്നി. തോട്ടി ഉപയോഗിച്ച് ബാഗ് എടുക്കാൻ കഴിയുമോ എന്ന കാര്യത്തിവും സംശയമുണ്ടായി. ലോട്ടറി വിൽപനക്കാരിയായ വീട്ടമ്മ ചെറിയ വരുമാനത്തിൽ നിന്നു സ്വരൂപിച്ച തുക നഷ്ടമായ സംഭവമായതിനാൽ അന്വേഷണം തുടർന്നു.

അതിനിടെ സ്റ്റേഷനിലേക്കു വിളിപ്പിച്ച വീട്ടമ്മ പണം നഷ്ടപ്പെട്ടതിന്റെ വേദനയിൽ ബോധരഹിതയാകുകയും ചെയ്തു. ഇതോടെ പൊലീസും ധർമ സങ്കടത്തിലായി. പിന്നീട് ഭർത്താവിനെയും ഭാര്യയെയും ഒറ്റക്കിരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്താകുന്നത്. ഭർത്താവ് പണം ധൂർത്തടിക്കാതിരിക്കാൻ കൊട്ടാരക്കരയിലെ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചു. അധികം ഉണ്ടായിരുന്ന പണം വീട്ടിലുണ്ടായിരുന്ന ഒരു പുസ്തകത്തിലും സൂക്ഷിച്ചു.

പണം എവിടെയെന്ന ഭർത്താവിന്റെ ചോദ്യത്തിന് ഉത്തരം നൽകാനാണ് മോഷണ നാടകം കളിച്ചത്. മോഷണ നാടകം ചീറ്റിയെങ്കിലും വീട്ടമ്മയുടെ സദുദ്ദേശം കണക്കിലെടുത്ത് ഭർത്താവിനെ ഉപദേശിച്ച പൊലീസ് കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചു. കുന്നിക്കോട് എസ്എച്ച്ഒ പിഐ മുബാറക് അന്വേഷണത്തിനു നേതൃത്വം നൽകി.
Previous Post Next Post