കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോ ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് വിജയ് ബാബു ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും വിജയ് ബാബു പറഞ്ഞിരുന്നു. പരാതിക്കാരിയുടെ മെസ്സേജുകള്‍ തന്റെ കൈവശമുണ്ടെന്നും പേര് വെളിപ്പെടുത്തുന്നതിലൂടെ വരുന്ന കേസ് നേരിടുമെന്നും പറഞ്ഞായിരുന്നു വെളിപ്പെടുത്തല്‍.
വീഡിയോ വന്നതിന് പിന്നാലെ, വിജയ് ബാബുവിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡബ്ല്യുസിസി അടക്കമുള്ളവര്‍ വിജയ് ബാബുവിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ലൈംഗികാതിക്രമം നേരിടുന്നവരുടെ പേര് വെളിപ്പെടുത്തുന്നത് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്. അതേസമയം, വിജയ് ബാബുവാണോ അതോ ഫെയ്‌സ്ബുക്കാണോ വീഡിയോ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ എറണാകുളം തേവര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.