മേരിക്കുട്ടി വധം മുതൽ അഭയക്കേസ് വരെ; ഡോ.രമ കർമനിരത, പൊലീസിന്റെ ആശ്രയം




തിരുവനന്തപുരം : ഫൊറന്‍സിക് രംഗത്ത് ഏറ്റവും ആത്മാര്‍ഥമായി കേസുകളെ സമീപിച്ചിരുന്നത് ആരെന്ന് ചോദിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു ഉത്തരമേ ഉള്ളൂ, ഡോ.പി.രമ. നൂലാമാലകള്‍ ഏറെയുള്ള കേസുകളില്‍ വ്യക്തവും കൃത്യവുമായി അവർ ഫൊറന്‍സിക് ദൗത്യം നിര്‍വഹിച്ചു. ഫൊറൻസിക് രംഗത്തേക്ക് ഇറങ്ങാൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്താണ് ഡോ.രമ ചുമതല നിര്‍വഹിച്ചു തുടങ്ങിയത്.

പാർക്കിൻസൺസ് രോഗബാധിതയായി ചികിത്സയിൽ ആയിരുന്ന രമ, വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. മൂന്നു വർഷം മുൻപ് സർവീസിൽനിന്നു സ്വയം വിരമിച്ചിരുന്നു. നടന്‍ ജഗദീഷാണ് ഭർത്താവ്. ആലപ്പുഴ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജുകളിലായി ഒട്ടേറെ ഡോക്ടർമാരുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു രമ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 1985ലാണ് ഫൊറൻസിക് വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്.

കുറച്ചുനാൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രഫസറായി ജോലി ചെയ്തു. സർവീസിലെ കൂടുതൽ സമയവും തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു. സംസ്ഥാനത്തെ പല പ്രധാന കേസുകളിലും പ്രോസിക്യൂഷനു നിർണായക കണ്ടെത്തലുകൾ നല്‍കിയതിലൂടെയാണ് ഡോ.രമ‌ ശ്രദ്ധേയയായത്. 

ചങ്ങനാശ്ശേരി മേരിക്കുട്ടി വധക്കേസാണ് ആദ്യ സുപ്രധാന കേസ്. മേരിക്കുട്ടിയുടേത് കൊലപാതകമെന്ന് തെളിയിച്ചത് ഡോ.രമ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളായിരുന്നു.
അഭയ കേസിൽ സിസ്റ്റര്‍ സെഫി കന്യാചർമം വച്ചുപിടിപ്പിച്ചെന്ന് കണ്ടെത്തിയതും ഡോ.രമയുടെ നേതൃത്വത്തിലായിരുന്നു. 2019ൽ അഭയക്കേസിലെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ മജിസ്ട്രേട്ട് പ്രോസിക്യൂഷൻ സാക്ഷിയായ ഡോ.രമയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.

 കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസ്, അക്കു വധക്കേസ് എന്നിവയും ജനശ്രദ്ധനേടി. അസുഖ ബാധിതയായതിനാൽ സർവീസിൽനിന്ന് സ്വയം വിരമിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്നു ആ സമയം രമ. നടന്‍ ജഗദീഷിന്‍റെ ഭാര്യയായിരുന്നപ്പോഴും പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാതെ തന്‍റെ കര്‍ത്തവ്യങ്ങളിലാണ് അവർ മുഴുകിയത്.


Previous Post Next Post