കാട്ടാനയുടെ ശബ്ദം കേട്ട് ഏഴ് കുതിരകൾ രാത്രി ഭയന്നോടി, ദേശിയ പാതയിൽ വാഹനാപകടം; ഒരു കുതിര ചത്തു




പ്രതീകാത്മക ചിത്രം
 

പാലക്കാട്; കുതിരകൾ രാത്രിയിൽ ഭയന്നോടിയതിനെ തുടർന്ന് ദേശിയ പാതയിൽ അപകടം. കുതിരാനു സമീപം ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിങ് അക്കാദമിയിൽ നിന്നുള്ള ഏഴു കുതിരകളാണ് പുറത്തുചാടിയത്. ദേശീയപാതയിലൂടെ ഓടിയ കുതിരകളിൽ മൂന്നെണ്ണത്തിനെ വാഹനങ്ങളിടിച്ചു. ഒരു കുതിര ചത്തു. ഒന്നിന്റെ നില ഗുരുതരമാണ്. 

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. വാണിയമ്പാറ, മേലേചുങ്കം, മേരിഗിരി എന്നിവിടങ്ങളിലാണു കുതിരകൾ വിവിധ വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. കുതിരയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു ഗുരുതര പരുക്കേറ്റു. പട്ടിക്കാട് തെക്കുംഭാഗം മേലേവീട്ടിൽ നിതീഷ് കുമാറിനാണ് (21) പരുക്കേറ്റത്. ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലേചുങ്കത്തായിരുന്നു അപകടം.

കാട്ടാനയുടെ ശബ്ദം കേട്ടു പരിഭ്രാന്തരായാണു കുതിരകൾ ലായത്തിൽ നിന്നു പുറത്തുചാടിയതെന്നു കരുതുന്നു. കുന്നുംപുറം ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഹോഴ്സ് റൈഡിങ് അക്കാദമിയിലെ കുതിരകളാണു ലായത്തിൽ നിന്നു ചാടി ദേശീയപാതയിലൂടെ ഓടിയത്. പീച്ചി റിസർവോയറിനോടു ചേർന്നാണു കുതിരയോട്ട പരിശീലന കേന്ദ്രം. ബാക്കി കുതിരകളെ നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുകെട്ടി.
Previous Post Next Post