ദുബായ്: ദുബായ് അൽഐൻ റോഡ് നവീകരണം പൂർത്തിയായി കഴിഞ്ഞ ദിവസം ജനങ്ങൾക്ക് തുറന്നു കൊടുത്തു. 200കോടി ദിർഹം ചെലവ് ചെയ്താണ് റോഡ് നവീകരണ പദ്ധതി പൂർത്തിയാക്കിയത്. 15ലക്ഷം യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആണ് ഇതിന്റെ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് റോഡ് ഉദ്ഘാടനം നടത്തിയത്.
ഒമാൻ ഭാഗത്തേക്ക് പോകാൻ വേണ്ടിയാണ് ഈ റോഡ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒമാൻ ഭാഗത്തേക്ക് പോകുന്ന 17കി.മീറ്റർ റോഡിന് മൂന്ന് ലെെനുകൾ ആണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോൾ ആറ് ലൈനായി വർധിപ്പിച്ചു. വിവിധ റൗണ്ട് എബൗട്ടുകളിൽ വിപുലമായ രീതിയിൽ അലങ്കരിച്ചിട്ടുണ്ട്. രണ്ടു ഭാഗത്തേക്കുമായി മണിക്കൂറിൽ 24,000 വാഹനങ്ങൾ ഈ റോഡിലൂടെ പോകാൻ സാധിക്കുന്ന തരത്തിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്.
നഗരാസൂത്രണത്തിൽ ലോകത്തിൽ തന്നെ മികച്ച പട്ടണമായി ദുബായ് മാറ്റുകയാണ് ലക്ഷ്യം വെക്കുന്നത്. ഷെയ്ഖ് ഹംദാൻ ആണ് ഇക്കാര്യം ട്വിറ്ററിൽ പങ്കുവെച്ചത്. ദുബായ്- അൽഐൻ റോഡിലൂടെ പോകുമ്പോൾ ഇന്‍റർസെക്ഷൻ മുതൽ എമിറേറ്റ്സ് റോഡ് വരെയുള്ള യാത്രാസമയം 16 മിനിറ്റിൽ നിന്ന് എട്ടു മിനിറ്റായി കുറയും. രണ്ട് കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇതിലൂടെ സാധിക്കും. യാത്രക്കാർക്ക് വലിയ രീതിയിൽ ഉപകരിക്കുന്ന പദ്ധതിയാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് റോഡ് ഗതാഗത അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഇന്‍റർചേഞ്ചുകളും 11.5 കിലോമീറ്റർ നീളത്തിൽ പാലങ്ങളും റാമ്പുകളും ഉൾപ്പെടും. റോഡിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയാക്കിയതും നഗര നവീകരണത്തിന്റെ ഭാഗമാണ്. ആർ.ടി.എയുടെ ഡയറക്ടർ ജനറലും എക്‌സിക്യുട്ടിവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മത്വാർ അൽ തായർ ഷെയ്ഖ് ഹംദാനൊപ്പം എത്തിയിരുന്നു.