ഇലോൺ മസ്കിനെതിരായ ലൈംഗിക പീഡനപരാതി; എയർ ഹോസ്റ്റസിന്റെ വായടക്കാൻ 2.5 ലക്ഷം ഡോളർ നൽകി: റിപ്പോർട്ട്

 


വാഷിങ്ടൺ: ലോകസമ്പന്നൻ ഇലോൺ മസ്കിനെതിരെ ഗുരുതര ലൈംഗികാരോപണ പരാതി ഉന്നയിച്ച എയർ ഹോസ്റ്റസിന് ഭീമമായ തുക നൽകി ഒതുക്കിയതായി റിപ്പോർട്ട്. എയർഹോസ്റ്റസിന്റെ വായടപ്പിക്കാൻ 2,50,000 അമേരിക്കൻ ഡോളർ നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതായത് 1.9 കോടി ഇന്ത്യ രൂപയാണ് മസ്ക് നൽകിയത്. മസ്‌കിനെതിരായ ലൈംഗികാരോപണം ഒത്തുതീർപ്പിലേക്ക് എത്തിക്കുന്നതിന് 2018ൽ സ്‌പേസ് എക്‌സ് എയർഹോസ്റ്റസിന് പണം നൽകുകയായിരുന്നു. അന്താരാഷ്ട്ര മാധ്യമമായ ബിസിനസ് ഇൻസൈഡറാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2016ലാണ് വിവാദ സംഭവം ഉണ്ടായിരിക്കുന്നത്. വിമാനയാത്രക്കിടെ ടെസ്ല, സ്പെസ് എക്സ് സിഇഒ ആയ ഇലോൺ മസ്ക്ക് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ച എയർ ഹോസ്റ്റസിനെയാണ് ഭീമമായ തുക നഷ്ടപരിഹാരമായ നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ജെറ്റ് ഫ്‌ളീറ്റിന്റെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അറ്റൻഡറാണ് പരാതിക്കാരി. മസ്ക് തന്റെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്നും തന്റെ അനുമതിയില്ലാതെ കാലുകളിൽ തലോടിയതായും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ യുവതി ഒപ്പിട്ട് നൽകിയ പരാതിയും അനുബന്ധ രേഖകളും യുവതിയുടെ സഹൃത്ത് കൈമാറിയെന്ന അവകാശവാദത്തോടെയാണ് ബിസിനസ് ഇൻസൈഡർ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിന് പുറമെ, ഈ വാർത്തയുടെ മറ്റ് വിശദാംശങ്ങൾ സത്യവാങ്‌മൂലത്തിൽ നിന്നും മറ്റ് രേഖകളിൽ നിന്നും എടുത്തിട്ടുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. സത്യവാങ്ങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച്, ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ലഭിച്ചതിന് പിന്നാലെ, മസ്കിന് മസാജ് ചെയ്യാൻ വേണ്ടി ഇതിനായുള്ള ലൈസൻസ് ലഭിക്കാൻ അവളെ പ്രേരിപ്പിച്ചതായി എയർ ഹോസ്റ്റസ് അവർ സുഹൃത്തിനോട് പറഞ്ഞിരുന്നു. അത്തരമൊരു മസാജ് സെഷനിൽ വച്ച് മസ്കിന്റെ ഗൾഫ്സ്ട്രീം G650ER വിമാനത്തിലെ ഒരു സ്വകാര്യ ക്യാബിനിൽ വച്ചാണ് തന്റെ നേരെ അധിക്ഷേപമുണ്ടായത് എന്നും യുവതി പറയുന്നു. 2016ൽ ഒരു വിമാനയാത്രയ്ക്കിടെ ഫ്ലൈറ്റ് അറ്റൻഡന്റിനോട് ശരീരം മുഴുവൻ മസാജ് ചെയ്യുന്നതിനായി തന്റെ മുറിയിലേക്ക് വരാൻ മസ്‌ക് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം അദ്ദേഹത്തിന്റെ മുറിയിൽ എത്തിയപ്പോൾ പകുതി ശരീരം മാത്രം മറയ്ക്കുന്ന ഒരു ടവ്വൽ മാത്രം ധരിച്ചിരുന്ന മസ്കിനെയാണ് കണ്ടത് എന്നും സുഹൃത്തിനോട് പറയുന്നു. തുടർന്ന്, നടന്ന മസാജിങ്ങിനിടെ മസ്ക് തന്റെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ ശരീരത്തിൽ അനുമതിയില്ലാതെ സ്പർശിക്കുകയും ചെയ്തു. ഇതിൽ കൂടുതൽ ചെയ്താൽ ഒരു കുതിരയെ സമ്മാനമായി നൽകാമെന്ന് വാഗ്ദാനം നടത്തുകയും ചെയ്തുവെന്നാണ് പറയുന്നത്. അതേസമയം, മാധ്യമ റിപ്പോർട്ടിനെ 'രാഷ്ട്രീയ പ്രേരിതം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ലൈംഗിക പീഡനത്തിൽ ഏർപ്പെടാൻ ഞാൻ തുനിഞ്ഞ് ഇറങ്ങിയിരുന്നുവെങ്കിൽ, ഇത് എന്റെ 30 വർഷത്തെ കരിയറിൽ ആദ്യത്തെ സംഭവമാകാൻ സാധ്യതയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ കഥയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തിൽ കൂടുതൽ സംസാരിക്കൻ സ്പേസ് എക്സിന്റെ നിയമോപദേഷ്ടാവ് ക്രിസ്റ്റഫർ കാർഡാസി തയ്യാറായിട്ടില്ല.

Previous Post Next Post